ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗി ആദിത്യനാഥിനെ വെള്ളപൂശാന്‍ ഭഗീരഥപ്രയത്‌നവുമായി ആര്‍.എസ്.എസ്. യോഗിയെ ഹിന്ദുത്വത്തിന്റെ മുഖമായി മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമം.
മഥുരയിലെ മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവിന്റെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് യോഗിയെ ഹിന്ദുത്വമുഖമാക്കി അവരോധിക്കാനാണ് ആര്‍.എസ്.എസ്. തീരുമാനം.
അയോധ്യ ക്ഷേത്രം, ദേശീയ സുരക്ഷ, ആര്‍ട്ടിക്കിള്‍ 370, ജനസംഖ്യാ നിയന്ത്രണ ബില്‍ തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി പ്രചരണം ശക്തമാക്കാനാണ് വൃന്ദാവനില്‍ നടന്ന ആര്‍.എസ്.എസ്. യോഗം തീരുമാനിച്ചിരിക്കുന്നത്.
2022 ലാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം ബി.ജെ.പിയ്ക്കുള്ളില്‍ യോഗിയ്‌ക്കെതിരെ അതൃപ്തിയുണ്ട്. ഇതിനിടെ ആര്‍.എസ്.എസ്. നേതാക്കളുമായും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുമായി യോഗി നിരന്തരം കൂടിക്കാഴ്ച നടത്തിയിരുന്നു.
യോഗി സര്‍ക്കാരില്‍ പുന:സംഘടന നടത്താന്‍ ബി.ജെ.പി. ശ്രമം നടത്തുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ജയത്തിനായി സംസ്ഥാന നേതൃത്വത്തിലും സര്‍ക്കാരിലും പുന:സംഘടന നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.
ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹായികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന മുന്‍ ബ്യൂറോക്രാറ്റ് എ.കെ.ശര്‍മയെ മര്‍മ പ്രധാനമായ സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ബി.ജെ.പിയുടെ പുതിയ നീക്കങ്ങള്‍.