Advertisement
Entertainment news
ഇത്രേം ആളുകളുടെ മുന്നില്‍ വെച്ച് ഞാന്‍ പറയുന്നു, ഇത് നല്ല സിനിമയല്ലെങ്കില്‍ നിങ്ങളെന്നെ തല്ലിക്കോ: റോഷന്‍ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 05, 07:34 am
Monday, 5th September 2022, 1:04 pm

ബിജു മേനോന്‍, പത്മപ്രിയ, റോഷന്‍ മാത്യൂസ്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഒരു തെക്കന്‍ തല്ല് കേസ് റിലീസിനൊരുങ്ങിയിരിക്കുകയാണ്.

ശ്രീജിത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബര്‍ എട്ടിനാണ് തിയേറ്ററുകളിലെത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷണല്‍ ഇവന്റ് തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. റോഷന്‍, ബിജു മേനോന്‍, പത്മപ്രിയ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് തെക്കന്‍ തല്ലിന്റെ വിശേഷങ്ങള്‍ പറയുകയാണ് റോഷന്‍.

എല്ലാ സിനിമകളുടെയും പ്രൊമോഷന് പോകുമ്പോള്‍ എന്താണ് പറേണ്ടതെന്ന് ആലോചിക്കാറുണ്ടെന്നും എന്നാല്‍ തെക്കന്‍ തല്ലിന്റെ പരിപാടിക്ക് വന്നപ്പോള്‍ അങ്ങനെയൊരു ആവശ്യമില്ലായിരുന്നെന്നുമാണ് താരം പറയുന്നത്. അത്രയും ഇഷ്ടപ്പെട്ട ചെയ്ത സിനിമയാണിതെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു.

”ഞാന്‍ ആദ്യമായാണ് തിരുവനന്തപുരം ലുലു മാളില്‍ വരുന്നത്. അത് തെക്കന്‍ തല്ലുകേസിന്റെ പരിപാടിക്ക് വേണ്ടി തന്നെ വരാന്‍ പറ്റിയതില്‍ ഒരുപാടൊരുപാട് സന്തോഷം.

സാധാരണ ഒരു സിനിമയുടെ പ്രൊമോഷന്‍ ഇവന്റിനോ ഇന്റര്‍വ്യൂവിനോ വേണ്ടി പോകുമ്പോള്‍, കുറച്ച് ആളുകൂടുന്ന പരിപാടിക്ക് പോകുമ്പോള്‍ എനിക്ക് ചെറിയ രീതിയില്‍ ടെന്‍ഷനാവാറുണ്ട്. എന്താണ് പറയേണ്ടത്, എന്താണ് വിട്ടുപോകാന്‍ പാടില്ലാത്തത് എന്നൊക്കെ ഞാന്‍ ഒരുപാട് തവണ ആലോചിക്കും.

തെക്കന്‍ തല്ലുകേസിന്റ പരിപാടിക്ക് വരുമ്പോള്‍ ആ ടെന്‍ഷന്‍ ഒട്ടും ഉണ്ടായിരുന്നില്ല. കാരണം ഇത് ഷൂട്ട് ചെയ്ത സമയം മുതല്‍ ഇതുവരെ എല്ലാരീതിയിലും മുഴുവനായും എന്‍ജോയ് ചെയ്ത്, ഒരുപാടൊരുപാട് ഇഷ്ടപ്പെട്ട് സ്‌നേഹിച്ചുണ്ടാക്കിയ സിനിമയാണിത്.

അതുകൊണ്ട് ഇതിനെ പറ്റി എന്ത് പറഞ്ഞാലും അത് ശരിയായിരിക്കും എന്നൊരു ധൈര്യത്തിലാണ് വന്നിരിക്കുന്നത്. പക്ഷെ ഇവിടെ വന്ന് നിന്ന് കഴിഞ്ഞപ്പോള്‍ എനിക്കൊന്നും പറയാന്‍ കിട്ടുന്നില്ല, ക്ഷമിക്കണം.

ഇത്രയും ആള്‍ക്കാരുടെ മുമ്പില്‍, ‘ഇത് നല്ല സിനിമയല്ലെങ്കില്‍ നിങ്ങളെന്നെ തല്ലിക്കോ, പക്ഷെ ഇത് നല്ല സിനിമയാണോ അല്ലേ എന്നറിയാന്‍ നിങ്ങള്‍ ഇത് തിയേറ്ററില്‍ പോയി ഉറപ്പായും കാണണം,” റോഷന്‍ പറഞ്ഞു.

ഒരു തെക്കന്‍ തല്ല് കേസിന്റെ പുറത്തുവന്ന ട്രെയ്‌ലറും പാട്ടുകളുമെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിക്രം നായകനായ തമിഴ് ചിത്രം കോബ്രയാണ് റോഷന്‍ മാത്യുവിന്റെതായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന സിനിമ. കോബ്ര തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Content Highlight: Roshan Mathew talks about the movie Oru Thekkan Thallu Case