Advertisement
Movie Day
താടികളയാന്‍ പറ്റില്ലെന്ന് സത്യരാജ് സാര്‍; കിഷോര്‍ കുമാറിന് പകരം കണ്ണൂര്‍ സ്‌ക്വാഡില്‍ വരേണ്ടിയിരുന്നത് പ്രകാശ് രാജ്: റോണി ഡേവിഡ് രാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 03, 07:59 am
Tuesday, 3rd October 2023, 1:29 pm

കണ്ണൂര്‍ സ്‌ക്വാഡിലെ മനു നീതി ചോഴന്‍ എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം സമീപിച്ചിരുന്നത് തമിഴ് നടന്‍ പ്രകാശ് രാജിനെയായിരുന്നെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ റോണി ഡേവിഡ്. പിന്നീട് മറ്റു പല നടന്മാരെയും ആലോചിച്ചിരുന്നുവെന്നും അതിനിടയില്‍ സത്യരാജ് സാര്‍ കഥ മുഴുവന്‍ കേട്ടതിന് ശേഷം താടി കളയാന്‍ പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് പിന്‍മാറിയെന്നും റോണി ഡേവിഡ് രാജ് പറഞ്ഞു.

എന്തുചെയ്യും എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുറെ ദിവസമായി ഫോണ്‍ എടുക്കാതിരുന്ന കിഷോര്‍ കുമാര്‍ സാര്‍ തിരിച്ചുവിളിച്ചതെന്നും അദ്ദേഹത്തിന് കഥപാത്രം ഇഷ്ടപെടുകയും അപ്പോള്‍ തന്നെ സമ്മതിക്കുകയും ചെയ്തുവെന്നും റോണി പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോണി.

‘മനു നീതി ചോഴന്‍ എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം സമീപിച്ചത് തമിഴ് നടന്‍ പ്രകാശ് രാജിനെയായിരുന്നു. മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ അദ്ദേഹത്തിന് ഒരുപാട് താത്പര്യമുണ്ടായിരുന്നു. പക്ഷേ പെട്ടെന്ന് ഞങ്ങളുടെ ഡേറ്റ് മാറി. മാത്രമല്ല അദ്ദേഹത്തിന് മഹേഷ് ബാബു സാറിന്റെ മറ്റൊരു സിനിമ ഇടയില്‍ തുടങ്ങി.

അങ്ങനെ പ്രകാശ്‌രാജ് സാറിന് പെട്ടെന്ന് പിന്‍മാറേണ്ടി വന്നു. പിന്നെയും ഞങ്ങള്‍ ഒരുപാട് ശ്രമിച്ചു പക്ഷേ പറ്റിയില്ല. പിന്നെ എന്റെ ക്ലോസ് ഫ്രണ്ടായിരുന്നു നരന്‍. പക്ഷേ അദ്ദേഹത്തോട് ഈ കഥാപാത്രം ചെയ്യുമോ എന്ന് ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.

അതിനിടയില്‍ റോബി പോയി സത്യരാജ്സാറിനെ കഥകേള്‍പ്പിച്ചു. ഒരു ഒന്നര മണിക്കൂര്‍ കഥയെല്ലാം കേട്ട് അദ്ദേഹം പറഞ്ഞു നല്ല കഥയാണ് എന്നൊക്കെ. പിന്നീട് ഡേറ്റ് പറഞ്ഞപ്പോള്‍ മെറ്റാരു സിനിമയുടെ തുടര്‍ച്ചക്കായി താടി വച്ചിരിക്കുകയാണെന്നും താടി എടുത്തു കളയാന്‍ പറ്റില്ലെന്നും പറഞ്ഞു. റോബി ഇതു കേട്ട് ഇത് ആദ്യമേ പറയായിരുന്നില്ലേ എന്നാല്‍ ഈ കഥ മുഴുവന്‍ ഇരുന്ന് പറയേണ്ടിയിരുന്നില്ലല്ലോ എന്ന മട്ടില്‍ അവിടെ നിന്നു വന്നു. ഞാന്‍ അപ്പോഴും റോബിയെ സമാധാനിപ്പിച്ചു.

പിന്നെ എന്തുചെയ്യും എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുറെ ദിവസമായി ഫോണ്‍ എടുക്കാത്ത കിഷോര്‍ കുമാര്‍ സാര്‍ തിരിച്ചുവിളിക്കുന്നത്. മമ്മൂട്ടി സാറിന്റെ സിനിമയുടെ കഥ തന്റെ ഫ്രണ്ട് പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ചു മാത്രം അറിയാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു.

ഞാന്‍ പറഞ്ഞു തുടങ്ങി. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫുള്‍ സൈലന്റായി. ഞാന്‍ വിചാരിച്ചു കോള്‍ കട്ടായി എന്ന്. ഞാന്‍ വീണ്ടും സാറിനെ വിളിച്ചു നോക്കി. നല്ല കഥയാണ് ബാക്കികൂടി പറയൂ എന്നായി അദ്ദേഹം. എനിക്ക് ആശ്വാസമായി. കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു,’ റോണി ഡേവിഡ് രാജ് പറഞ്ഞു.

Content Highlight: Roni David Raj about Kannur Squad cast and sathyaraj and prakash raj