ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.
പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ.എല്‍. രാഹുല്‍ ബംഗ്ലാദേശിനെതിരെയുള്ള സ്‌ക്വാഡില്‍ ഇടം നേടിയിരുന്നു. പ്രസ് മീറ്റില്‍ രാഹുലിനെക്കുറിച്ചും രോഹിത് സംസാരിച്ചു. രാഹുല്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെന്നും ടെസ്റ്റില്‍ രാഹുലിന് വളരാതിരിക്കാനുള്ള ഒരു കാരണവും കാണുന്നില്ലെന്നും രോഹിത് പറഞ്ഞു.
‘എല്ലാവര്‍ക്കും ഒരു ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. രാഹുല്‍ തിരിച്ചെത്തിയത് മുതല്‍ സൗത്ത് ആഫ്രിക്കയിലെ 100 റണ്‍സും ഇംഗ്ലണ്ടിനെതിരെ 80 റണ്‍സുമുള്‍പ്പെടെയുള്ള മികച്ച ക്രിക്കറ്റ് കളിച്ചു. ഹൈദരാബാദില്‍ അവന്‍ കാഴ്ചവെച്ച പ്രകടനം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അവന് വളരാതിരിക്കാനുള്ള കാരണങ്ങള്‍ ഒന്നും എനിക്ക് കാണാന്‍ കഴിയുന്നില്ല,’രോഹിത് ശര്‍മ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുല്‍ 50 മത്സരങ്ങളിലെ 86 ഇന്നിങ്‌സില്‍ നിന്നും 2863 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ 119 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് ഉണ്ട്. 34.1 ആവറേജാണ് ഫോര്‍മാറ്റില്‍ രാഹുല്‍ നേടിയത്.