ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് മികച്ച ജയം. വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കപ്പെട്ട ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച ഏറ്റിരുന്നു. ഒബെഡ് മക്കോയ് ആറാടിയ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിപതറുകയായിരുന്നു.
അവസാന ഓവറില്‍ വെറും 138 റണ്‍സുമായി ഇന്ത്യ ഓള്‍ ഔട്ടായി. 31 പന്ത് നേരിട്ട് 31 റണ്‍സെടുത്ത് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഉയര്‍ന്ന റണ്‍ നേട്ടക്കാരന്‍. വിന്‍ഡീസിനായി പേസ് ബൗളര്‍ ഒബെഡ് മക്കോയ് 17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്റെ മുന്നോട്ടുപോക്കും സുഖകരമായിരുന്നില്ല. ഓപ്പണിങ് ബാറ്റര്‍ ബ്രാണ്ടണ്‍ കിങ് നേടിയ 68 റണ്‍സാണ് വിന്‍ഡീസിനെ മത്സരത്തില്‍ നിലനിര്‍ത്തിയത്. മധ്യനിരയില്‍ തകര്‍ച്ച നേരിട്ട വിന്‍ഡീസിനെ കരകയറ്റിയത് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡെവണ്‍ തോമസാണ്. 19 പന്തില്‍ 31 റണ്‍സെടുത്ത ഡെവണ്‍ തന്നെയാണ് വിന്‍ഡീസിനെ വിജയത്തിലെത്തിച്ചത്.
അവസാന ഓവറില്‍ വിന്‍ഡീസിന് വിജയിക്കാന്‍ 10 റണ്‍സ് വേണമായിരുന്നു. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ വിന്‍ഡീസിന് അത് നേടാവുന്നതായിരുന്നു. എന്നാല്‍ എതിര്‍വശത്ത് ഭുവനേശ്വര്‍ കുമാറിനെ പോലെയൊരു ബൗളറുള്ളപ്പോള്‍ ഇന്ത്യക്ക് ഡിഫന്‍ഡ് ചെയ്യാന്‍ സാധിക്കുമായിരുന്ന സ്‌കോറായിരുന്നു അത്.
ഭുവിക്ക് രണ്ട് ഓവര്‍ ബാക്കിയും ഉണ്ടായിരുന്നു. എന്നാല്‍ നായകന്‍ രോഹിത് ഭുവിക്ക് ഓവര്‍ കൊടുത്തില്ല. രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി നില്‍ക്കുന്ന യുവ പേസ് ബൗളര്‍ ആവേഷ് ഖാനെയായിരുന്നു രോഹിത് അവസാന ഓവര്‍ എറിയാനുള്ള ചുമതല ഏല്‍പ്പിച്ചത്. ആരാധകരും കമന്ററി ബോക്‌സിലുള്ളവരും ഒരുപോലെ ഞെട്ടിയ നിമിഷമായിരുന്നു അത്. രോഹിത് ഭുവിയെ മറന്നതാണോ? എന്നാണ് കമന്ററി ബോക്‌സില്‍ നിന്നും വന്ന ചോദ്യങ്ങള്‍.
അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ തന്നെ വിന്‍ഡീസ് മത്സരം വിജിയച്ചു. അവസാന ഓവറില്‍ ഭുവിയെ കൊണ്ടുവന്ന് മത്സരം വിജയിച്ച് പരമ്പരയില്‍ അപ്പര്‍ഹാന്‍ഡ് നേടാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. എന്നാല്‍ രോഹിത് ചിന്തിച്ചത് മറ്റൊന്നായിരുന്നു.
ഇതു പോലുള്ള സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ യുവതാരങ്ങളെ പരീക്ഷിച്ച് അവരുടെ കഴിവിനെ പുറത്തെടുക്കാനാണ് രോഹിത് ശ്രമിച്ചത്. ലോകകപ്പിന് മുമ്പ് സമ്മര്‍ദ ഘട്ടങ്ങളെ അതിജീവിക്കാന്‍ യുവതാരങ്ങളെ സജ്ജരാക്കാനാണ് രോഹിത് ഇത് ചെയ്തത്. മത്സരത്തിന് ശേഷം രോഹിത് ഇതിനെ കുറിച്ച് തുറന്നു പറഞ്ഞു.
‘ഭുവിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ അര്‍ഷ്ദീപും ആവേഷും എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കാണാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അത്തരം സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനാണ് ഞങ്ങള്‍ അങ്ങനെ ചെയ്തത്.
ഐ.പി.എല്‍ മത്സരങ്ങളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞവരാണ് ഇവരൊക്കെ എന്നാല്‍ ഇന്ത്യന്‍ ടീമില്‍ വ്യത്യസ്തമാണ്,’ രോഹിത് പറഞ്ഞു.
ഈ മത്സരം പരാജയപ്പെട്ടെന്ന് കരുതി യുവതാരങ്ങള്‍ നിരാശരാകേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിന് മുമ്പ് ഒരു ടീമിനെ സജ്ജമാക്കാനുള്ള ഒരു നായകന്റെ ക്ലിയര്‍ വിഷനാണ് ഈ നീക്കത്തിലൂടെ കാണാന്‍ സാധിക്കുക. എന്നാല്‍ രോഹിത്തിന്റെ ഈ തീരുമാനത്തെ ട്രോളുന്നവരും ഒരുപാടാണ്.