പാകിസ്ഥാനെതിരെയുള്ള കളിക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർ താരത്തിന് പരിക്ക്? റിപ്പോർട്ട്
Cricket
പാകിസ്ഥാനെതിരെയുള്ള കളിക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർ താരത്തിന് പരിക്ക്? റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th June 2024, 10:01 am

ഐ.സി.സി ടി-20 ലോകകപ്പ് ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ജൂണ്‍ ഒമ്പതിന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. മേജര്‍ ടൂര്‍ണമെന്റ്കളുടെ വേദിയില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ എപ്പോഴും വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുള്ളത്.

ഇപ്പോഴിതാ ഈ മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പരിശീലനത്തിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മക്ക് കൈവിരലിന് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

എന്നാല്‍ ഇന്ത്യന്‍ നായകന്റെ പരിക്കിനെ കുറിച്ച് ബി.സി.സി.ഐ ആയി ഇതുവരെ ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. പരിശീലനത്തിനിടെ ഇടതു തള്ളവിരലിന് പരിക്കേറ്റെങ്കിലും രോഹിത്തിനെ മെഡിക്കല്‍ ടീം പെട്ടെന്നുള്ള ശുശ്രൂഷ നല്‍കുകയും പിന്നീട് പരിശീലനം പൂര്‍ത്തിയാക്കാനും രോഹിത്തിന് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അതേസമയം അയര്‍ലാന്‍ഡിനെതിരെയുള്ള ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയിരുന്നു. അയര്‍ലാന്‍ഡ് പേസര്‍ ജോഷ്വാ ലിറ്റിലിന്റെ പന്ത് ഇന്ത്യന്‍ നായകന്റെ കൈവിരലുകളില്‍ തട്ടുകയും ഇതിനു പിന്നാലെ താരം റിട്ടയേഡ് ഹര്‍ട്ടായി മടങ്ങുകയുമായിരുന്നു.

മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു രോഹിത് നടത്തിയത്. 37 പന്തില്‍ 52 റണ്‍സ് നേടി കൊണ്ടായിരുന്നു ഇന്ത്യയുടെ വിജയത്തില്‍ രോഹിത് നിര്‍ണായക പങ്കുവഹിച്ചത്. നാലു ഫോറുകളും മൂന്ന് സിക്‌സുകളും ആണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡിനെ 96 റണ്‍സിനായിരുന്നു ഇന്ത്യ പുറത്താക്കിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 46 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

എന്നാല്‍ പാകിസ്ഥാന്റെ ലോകകപ്പിലെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ആദ്യ മത്സരത്തില്‍ തന്നെ അമേരിക്കയോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു ബാബര്‍ അസമും സംഘവും ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരം പൂര്‍ത്തിയാക്കിയത്.

ലോകകപ്പിനു മുന്നോടിയായി നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. നാല് മത്സരങ്ങളുടെ പരമ്പര 2-0ത്തിനായിരുന്നു ഇംഗ്ലീഷ് പട സ്വന്തമാക്കിയത്.

Content Highlight: Rohit Sharma have injury in the Practice time