ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 6,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഐ.പി.എല്‍ 2023ലെ 25ാം മത്സരത്തിലാണ് രോഹിത് ശര്‍മ ഈ നേട്ടത്തിലെത്തിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന് മുമ്പ് 5,986 റണ്‍സായിരുന്നു താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഈ റെക്കോഡ് സ്വന്തമാക്കാന്‍ ഈ മത്സരത്തില്‍ വെറും 14 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്താല്‍ സാധിക്കുമെന്നിരിക്കെ 28 റണ്‍സാണ് രോഹിത് നേടിയത്.
18 പന്തില്‍ നിന്നും ആറ് ബൗണ്ടറിയടിച്ചാണ് ഹിറ്റ്മാന്‍ 28 റണ്‍സ് നേടിയത്. മൂന്നാം ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെതിരെ തുടര്‍ച്ചയായ മൂന്ന് ബൗണ്ടറികള്‍ നേടിക്കൊണ്ടാണ് താരം റെക്കോഡിലേക്ക് നടന്നുകയറിലത്.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 6,000 റണ്‍സ് തികയ്ക്കുന്ന നാലമത് മാത്രം താരമാണ് രോഹിത് ശര്‍മ. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍, ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് രോഹിത്തിന് മുമ്പേ 6,000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടിയത്.
Milestone 🚨 – 6000 runs and counting for @ImRo45 in #TATAIPL
232 മത്സരത്തിലെ 226 ഇന്നിങ്‌സുകളില്‍ നിന്നുമാണ് രോഹിത് ശര്‍മ ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്. 30.22 എന്ന ശരാശരിയിലും 129.93 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ 6,000 റണ്‍സ് തികയ്ക്കാന്‍ ഏറ്റവുമധികം മത്സരങ്ങളെടുത്ത താരമാണ് രോഹിത് ശര്‍മ. തന്റെ 232ാം മത്സരത്തിലാണ് താരം 6,000 റണ്‍സ് എന്ന മാജിക്കല്‍ നമ്പറിലേക്കെത്തിയത്.
അതേസമയം, പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 80 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് മുംബൈ ഇന്ത്യന്‍സ്. 27 പന്തില്‍ നിന്നും 35 റണ്‍സുമായി ഇഷാന്‍ കിഷനും 15 പന്തില്‍ നിന്നും 16 റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസിലുള്ളത്.