2007ലേക്ക് ക്ലോക്ക് തിരിച്ചുവെച്ച് രോഹിത് ശര്‍മ, ഈ ഓര്‍മകള്‍ക്ക് എന്ത് മധുരം
Sports News
2007ലേക്ക് ക്ലോക്ക് തിരിച്ചുവെച്ച് രോഹിത് ശര്‍മ, ഈ ഓര്‍മകള്‍ക്ക് എന്ത് മധുരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th July 2023, 7:46 am

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ പരമ്പരയില്‍ മുമ്പിലെത്തിയിരിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. സ്പിന്നര്‍മാരുടെ കരുത്തില്‍ ഇന്ത്യ ആതിഥേയരെ എറിഞ്ഞിടുകയായിരുന്നു. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്ന് ഓവറില്‍ വെറും ആറ് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ ആറ് ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഹര്‍ദിക് പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂര്‍, അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാര്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ബൗളര്‍മാരുടെ കരുത്തില്‍ ഇന്ത്യ വിന്‍ഡീസിനെ 114 റണ്‍സിന് ഓള്‍ ഔട്ടാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എതിരാളികളെ ഒന്ന് അമ്പരപ്പിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മ – ശുഭ്മന്‍ ഗില്‍ സഖ്യത്തെ പ്രതീക്ഷിച്ചിരുന്ന വിന്‍ഡീസ് ടീമിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇഷാന്‍ കിഷനും ശുഭ്മന്‍ ഗില്ലുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

ടീം സ്‌കോര്‍ 18ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്‍ പുറത്തായതോടെ ശേഷമിറങ്ങിയത് സൂര്യകുമാര്‍ യാദവ്! നാലാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയും അഞ്ചാം നമ്പറില്‍ ജജേഡയും ആറാം നമ്പറില്‍ ഷര്‍ദുല്‍ താക്കൂറുമാണ് കളത്തിലിറങ്ങിയത്.

ഏഴാം നമ്പറിലാണ് രോഹിത് ശര്‍മ കളത്തിലിറങ്ങിയത്. ഓപ്പണറായി കളത്തിലിറങ്ങേണ്ടിയിരുന്ന രോഹിത് ശര്‍മ ബാറ്റ് ചെയ്യാന്‍ എത്തിയതാകട്ടെ ലോവര്‍ മിഡില്‍ ഓര്‍ഡറിലും.

ഏഴാം നമ്പറില്‍ രോഹിത് ശര്‍മ ബാറ്റ് ചെയ്യാന്‍ ആരാധകരെല്ലാം അമ്പരന്നിരുന്നെങ്കിലും രോഹിത് ആരാധകര്‍ക്ക് അത് നൊസ്റ്റാള്‍ജിയയായി മാറിയിരുന്നു. കാരണം കരിയറിന്റെ തുടക്കകാലങ്ങളില്‍ ഏഴാം നമ്പറിലാണ് രോഹിത് കളിച്ചിരുന്നത്. തുടര്‍ന്നാണ് പ്രൊമോഷന്‍ ലഭിച്ച് ഓപ്പണറുടെ റോളിലേക്കെത്തിയത്.

 

ഏഴാം നമ്പറില്‍ ഇറങ്ങിയപ്പോള്‍ പഴയ പലതും ഓര്‍മ വന്നിരുന്നുവെന്ന് രോഹിത് ശര്‍മയും പറഞ്ഞിരുന്നു. ‘ഞാന്‍ ഏഴാം നമ്പറിലാണ് എന്റെ അരങ്ങേറ്റം നടത്തിയത്. ആ ദിവസങ്ങളെ കുറിച്ച് ഇന്നെനിക്ക് ഓര്‍മകളുണ്ടായി,’ മത്സരശേഷം രോഹിത് പറഞ്ഞു.

വിന്‍ഡീസിന്റെ 115 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. സൂര്യകുമാര്‍ വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി.

ഒടുവില്‍ 23ം ഓവറിലെ അഞ്ചാം പന്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലെത്തിയിരിക്കുകയാണ്. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. കെന്‍സിങ്ടണ്‍ ഓവല്‍ തന്നെയാണ് വേദി.

 

Content Highlight: Rohit Sharma batted at number 7 in the first ODI between India and West Indies