ഭരണം തുടങ്ങി; 'താരങ്ങളെ സഹായിക്കേണ്ട ആവശ്യം ഇപ്പോള്‍ ഇന്ത്യക്കില്ല' ഗാംഗുലിയുടെ നടപടിക്ക് തുരങ്കം വെച്ച് പുതിയ പ്രസിഡന്റ്; ലക്ഷ്യം മറ്റൊന്ന്
Sports News
ഭരണം തുടങ്ങി; 'താരങ്ങളെ സഹായിക്കേണ്ട ആവശ്യം ഇപ്പോള്‍ ഇന്ത്യക്കില്ല' ഗാംഗുലിയുടെ നടപടിക്ക് തുരങ്കം വെച്ച് പുതിയ പ്രസിഡന്റ്; ലക്ഷ്യം മറ്റൊന്ന്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st October 2022, 5:20 pm

ആഭ്യന്തര താരങ്ങളെ സാമ്പത്തികമായി സഹായിക്കാനുള്ള മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാഗംഗുലിയുടെ നീക്കങ്ങള്‍ അവസാനിപ്പിച്ച് പുതിയ അധ്യക്ഷന്‍ റോജര്‍ ബിന്നി.

ആഭ്യന്തര താരങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ കോണ്‍ട്രാക്ട് സിസ്റ്റം ഏര്‍പ്പെടുത്താന്‍ ഗാംഗുലി നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കൊവിഡ് കാരണം അത് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിരുന്നില്ല.

ഗാംഗുലിയുടെ ഈ നീക്കത്തിന് ഫുള്‍ സ്റ്റോപ്പിടാനാണ് ബിന്നി ഒരുങ്ങുന്നത്. ഡൊമസ്റ്റിക് താരങ്ങള്‍ക്ക് കരാര്‍ നല്‍കേണ്ട ആവശ്യമില്ലെന്നും അത്തരത്തിലൊരു നീക്കത്തിന് ഇപ്പോള്‍ മുതിരാനാകില്ലെന്നുമായിരുന്നു ബിന്നി പറഞ്ഞത്.

 

 

ബി.സി.സി.ഐയുടെ മുന്‍കാല ഭരണസമിതിക്ക് കീഴില്‍ പിച്ചുകളുടെ അവസ്ഥ അതിദയനീയമാണെന്നും അത് പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നുമാണ് റോജര്‍ ബിന്നി പറയുന്നത്.

‘ആഭ്യന്തര ക്രിക്കറ്റ് താരങ്ങളെ ഞങ്ങള്‍ കൃത്യമായി നോക്കിക്കാണുന്നു. കരാര്‍ സമ്പ്രദായം ഇപ്പോള്‍ നടപ്പിലാക്കണ്ട ഒരു ആവശ്യവുമില്ല.

ഇന്ത്യയിലെ പിച്ചുകളുടെ അവസ്ഥ ഇപ്പോഴും മാര്‍ക്കില്‍ എത്തിയിട്ടില്ല. ഗെയിമിന്റെ ഇത്തരം കാര്യങ്ങള്‍ക്കാണ് ഞാന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.

തങ്ങളുടെ ഇഷ്ട ടീമുകളുടെ കളി കാണാന്‍ ആരാധകര്‍ കൂട്ടം കൂട്ടമായി വരുന്നതിനാല്‍ അവര്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.

ആരാധകര്‍ക്ക് പ്രശസ്തമായ പല മത്സരങ്ങളെ കുറിച്ചും കാര്യമായ അറിവില്ലാത്തതിനാല്‍ നമ്മള്‍ ആഭ്യന്തര ക്രിക്കറ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് ഉയര്‍ത്തേണ്ടിയിരിക്കുന്നു. ഇപ്പോള്‍ അവസാനിച്ച ഇറാനി കപ്പിനെ കുറിച്ച് ആര്‍ക്കും ഒരു ധാരണയുമില്ല.

ഇന്‍ജുറി മാനേജ്‌മെന്റും വ്യക്തമായി തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഐ.സി.സി ലോകകപ്പിന് പത്ത് ദിവസം മുമ്പ് ജസ്പ്രീത് ബുംറക്ക് പരിക്ക് പറ്റുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. മികച്ച പരിശീലകരാണ് ബോര്‍ഡിനൊപ്പമുള്ളത്,’ റോജര്‍ ബിന്നി പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയുടെ 1983 ലോകകപ്പ് ഹീറോകളില്‍ ഒരാളായ സ്റ്റുവര്‍ട്ട് ബിന്നി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അധ്യക്ഷ പദവിയിലേക്കെത്തിയത്. മുംബൈയില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ യോഗത്തിലായിരുന്നു താരം ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റത്.

 

Content Highlight:  Roger Binny refuses to implement Sourav Ganguly’s idea of giving contracts to domestic players