അവരില്‍ ആരെയാണ് ഗംഭീര്‍ കളത്തിലിറക്കുക; ഏകദിനത്തിലെ രണ്ട് താരങ്ങളെക്കുറിച്ച് റോബിന്‍ ഉത്തപ്പ
Sports News
അവരില്‍ ആരെയാണ് ഗംഭീര്‍ കളത്തിലിറക്കുക; ഏകദിനത്തിലെ രണ്ട് താരങ്ങളെക്കുറിച്ച് റോബിന്‍ ഉത്തപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th July 2024, 8:40 am

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍. നേരത്തെ ഇന്ത്യയുടെ ഏകദിന സ്‌ക്വാഡും ടി-20യും ഇന്ത്യ പുറത്ത് വിട്ടിരുന്നു.

ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ കെ.എല്‍. രാഹുലിനെയും പന്തിനെയും ഗംഭീറും സെലക്ഷന്‍ കമ്മിറ്റിയും തിരിച്ച് വിളിച്ചിരുന്നു. 452 റണ്‍സ് നേടി മികച്ച പ്രകടനമാണ് കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രാഹുല്‍ കാഴച്ചവെച്ചത്. കഴിഞ്ഞ ടി-20 ലോകകപ്പില്‍ 171 റണ്‍സ് നേടിയ പന്തും മോശമല്ല.

ഇപ്പോള്‍ ഇരുവരിലും ആരെയാണ് ഗംഭീറും ക്യാപ്റ്റന്‍ രോഹിത്തും കളത്തിലിറക്കാന്‍ പോകുക എന്ന തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ. ഇരുവരും മികച്ച താരങ്ങളാണെന്നും രണ്ടുപേരില്‍ ഒരാളെ തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണെന്നുമാണ് താരം പറയുന്നത്. സോണി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം രണ്ടും സെന്‍സേഷണല്‍ ആയിരിക്കും. ടി-20 ലോകകപ്പില്‍ പന്ത് മികച്ച പ്രകടനമാണ് നടത്തിയത്. അന്താരാഷ്ട്ര ഏകദിനങ്ങളില്‍ രാഹുലിന്റെ പ്രകടനം അവിശ്വസനീയമാണ്. കെ.എല്‍. രാഹുല്‍, റിഷബ് പന്ത് എന്നിവരില്‍ ഒരാളെ തെരഞ്ഞെടുക്കുന്നത് രോഹിതിനും ഗംഭീറിനും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

ഇന്ത്യയ്ക്ക് വേണ്ടി ആരാണ് കളിക്കാന്‍ പോകുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. കളിക്കാര്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തേണ്ടത് പ്രധാനമാണ്. അതിനാല്‍ അവര്‍ക്ക് ആശംസകള്‍ നേരുന്നു. മികച്ച താരം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ റോബിന്‍ ഉത്തപ്പ സോണി സ്പോര്‍ട്‌സില്‍ പറഞ്ഞു.

 

Content Highlight: Robin Uthappa talking About Rishabh Pant And KL Rahul