ദ്രാവിഡിനെപ്പോലെയൊരു ബാറ്റര്‍ നിങ്ങള്‍ക്ക് ഉണ്ടെന്ന് മറക്കരുത്; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ അവനെ ഇറക്കണമെന്ന് ഉത്തപ്പ!
Sports News
ദ്രാവിഡിനെപ്പോലെയൊരു ബാറ്റര്‍ നിങ്ങള്‍ക്ക് ഉണ്ടെന്ന് മറക്കരുത്; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ അവനെ ഇറക്കണമെന്ന് ഉത്തപ്പ!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th November 2024, 2:51 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിലും ഇന്ത്യ നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. ഓസ്‌ട്രേലിയയോട് ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയ്ക്ക് മികച്ച ബാറ്ററെ ആവശ്യമാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായി റോബിന്‍ ഉത്തപ്പ.

ഓസീസിനോട് ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയ്ക്ക് ചേതേശ്വര്‍ പൂജാരയെപ്പോലുള്ള ഒരു ബാറ്ററെ മാറ്റി നിര്‍ത്താനാകില്ലെന്നും നിലവില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ആക്രമണ ബാറ്റിങ്ങാണെന്നും ഉത്തപ്പ പറഞ്ഞു. മാത്രമല്ല ദ്രാവിഡിനെയും കെയ്ന്‍ വില്യംസണെയും പോലെയൊരു ബാറ്ററാണ് പൂജാരയെന്നും ഉത്തപ്പ പറഞ്ഞു.

ഉത്തപ്പ തന്റെ യൂട്യൂബ് ചാനലില്‍ പൂജാരയെക്കുറിച്ച് പറഞ്ഞത്

‘ചേതേശ്വര്‍ പൂജാരയെന്ന കളിക്കാരന്‍ ഇപ്പോഴുമുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കണം. എന്റെ അഭിപ്രായത്തില്‍ ഈ ടീമില്‍ അവനുവേണ്ടി ഒരു സ്ഥാനം എത്രയും വേഗം കണ്ടെത്തണം, അത് ആവശ്യമാണ്. ഒന്നാം നമ്പര്‍ മുതല്‍ ആറാം നമ്പര്‍ വരെ ആക്രമണാത്മക ബാറ്റര്‍മാരാണ് ഞങ്ങള്‍ക്കുള്ളത്,

ചേതേശ്വര് പൂജാര, രാഹുല്‍ ദ്രാവിഡ്, കെയ്ന്‍ വില്യംസണ്‍, വില്‍ യങ് എന്നിവരെ പോലെയുള്ള ഒരാളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. ഒരു മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്താനും ടീമിനെ പുഷ് ചെയ്യാനും നിങ്ങള്‍ക്ക് സാധിക്കും. അദ്ദേഹത്തിന് ചുറ്റിലും ബാറ്റ് ചെയ്യാന്‍ കഴിയും,’ ഉത്തപ്പ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 103 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള പൂജാര 43.6 ശരാശരിയില്‍ 7195 റണ്‍സും നേടിയിട്ടുണ്ട്. 19 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയുമുള്ള പൂജാരയുടെ ഉയര്‍ന്ന സ്‌കോര്‍ 206* റണ്‍സാണ്. മാത്രമല്ല വിദേശ പിച്ചുകളില്‍ വലിയ അനുഭവസമ്പത്തുള്ള പൂജാര നിലവില്‍ കൗണ്ടി ക്രിക്കറ്റിലും ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങളിലും സജീവമാണ്. ഇത്തരത്തില്‍ റെഡ് ബോളില്‍ സജീവമായ താരത്തെ നിര്‍ണായകമായ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാത്തതില്‍ വലിയ ചര്‍ച്ച തന്നെയാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്.

Indian squad for the Border Gavaskar Trophy

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍

India’s tour of Australia

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

 

Content Highlight: Robin Uthappa Talking About Cheteshwar Pujara