കോഴിക്കോട്: പിണറായി വിജയന്റെ പൊലീസ് ഭരണത്തില്‍ വ്യാജഏറ്റുമുട്ടല്‍ കൊലകളുടെ നാടായി കേരളം മാറിയെന്ന് ആര്‍.എം.പി.ഐ.
സംസ്ഥാനത്തിന്റെ ഭരണചരിത്രത്തില്‍ ഇതുപോലെ ഭരണകൂട ഭീകരത ഉണ്ടായ അനുഭവം അടിയന്തരാവസ്ഥക്കാലത്ത് പോലുമുണ്ടായിട്ടില്ലെന്നും വയനാട് പടിഞ്ഞാറെത്തറയില്‍ നടന്നതുള്‍പ്പെടെ എട്ടുപേരെയാണ് നാലരക്കൊല്ലത്തിനിടയില്‍ കേരളാപോലീസ് വ്യാജഏറ്റുമുട്ടലില്‍ കൊന്നുതള്ളിയിട്ടുള്ളതെന്നും ആര്‍.എം.പി.ഐ ആരോപിച്ചു.
‘ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങളോടും ഉറ്റബന്ധുക്കളോട് പോലും അനാദരവ് കാണിച്ച ഭരണം തീര്‍ച്ചയായും ജനാധിപത്യകേരളത്തിന് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. സ്വന്തം പാര്‍ട്ടി അംഗങ്ങളായ രണ്ട് ചെറുപ്പക്കാരെ പോലും മാവോയിസ്റ്റ് മുദ്രയടിച്ച് യു.എ.പി.എ കരിനിയമം ചുമത്തി തുറുങ്കില്‍ തള്ളിയ ഭരണമാണിത്. ഭിന്നാഭിപ്രായങ്ങളെ കൊന്നുതീര്‍ക്കുകയെന്നത് എക്കാലത്തും പിണറായി വിജയന്റെ ശൈലിയാണെന്ന് ഈ നാട് മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ പിണറായി വിജയന് തന്നിഷ്ടം പോലെ പെരുമാറാനുള്ളതല്ല ജനാധിപത്യ കേരളം. മഞ്ചക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് കൊലപാതകം വ്യാജഏറ്റുമുട്ടലായിരുന്നുവെന്ന് ഭരണത്തിലെ രണ്ടാം കക്ഷിയായ സി.പി.െഎ തന്നെ വെളിപ്പെടുത്തിയിരുന്നു. തീര്‍ച്ചയായും ഈയൊരു സാഹചര്യത്തില്‍ പിണറായി വിജയന്റെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് നടന്ന എല്ലാ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളേയും കുറിച്ച് ഒരു സിറ്റീംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ അടിയന്തരമായി സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതുണ്ട്,” ആര്‍.എം.പി.ഐയുടെ പ്രസ്താനവയില്‍ പറഞ്ഞു.
സി.പി.ഐ.എമ്മും മുഖ്യമന്ത്രിയും നേരിടുന്ന അതിഗുരുതരമായ പ്രതിസന്ധികളെ മറച്ചുപിടിക്കാനാണ് മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ വ്യാജഏറ്റുമുട്ടല്‍ നടത്തി മനുഷ്യരെ കൊന്നുതള്ളുന്നതെന്ന കാര്യം പകല്‍ പോലെ വ്യക്തമാണെന്ന് ആര്‍.എം.പി.ഐ ആരോപിച്ചു.
സ്വര്‍ണ്ണക്കടത്തും മയക്കുമരുന്ന് കടത്തും കള്ളപ്പണ ഹവാല ഇടപാടുകളുമടക്കം നാളിതുവരെ കേരളത്തില്‍ ഒരു ഭരണനേതൃത്വവും രാഷ്ട്രീയ നേതൃത്വവും നേരിട്ടിട്ടില്ലാത്ത അതിഗുരുതരമായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി .കോടിയേരി ബാലകൃഷ്ണനും മൂക്കറ്റം മുങ്ങിനില്‍ക്കുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
അസാധാരണവും അപമാനകരവുമായ അതിഗുരുതരവുമായ ഈ സാഹചര്യത്തില്‍ ഒരു നിമിഷം വൈകാതെ രാജിവെച്ചൊഴിയുന്നതിന് പകരം ചര്‍ച്ചകളെ വഴിതിരിച്ചുവിടാന്‍ പൊലീസിനെ കയറൂരിവിട്ട് വ്യാജഏറ്റുമുട്ടല്‍ കൊല സംഘടിപ്പിക്കുകയാണ് പിണറായി വിജയനെന്നും ഇതിനെതിരെ ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധമുയരുമെന്നും ആര്‍.എം.പി.ഐ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക