Advertisement
Entertainment
ആ ഒരൊറ്റ കഥാപാത്രം കാരണം ബാലേട്ടന്‍ മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്യാന്‍ പറ്റിയില്ല: റിയാസ് ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 20, 06:19 am
Thursday, 20th June 2024, 11:49 am

മോഹന്‍ലാലിനെ നായകനാക്കി വി.എം വിനു സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാലേട്ടന്‍. അത്താണിപ്പറമ്പില്‍ ബാലചന്ദ്രന്‍ എന്ന ബാലേട്ടനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം വന്‍ വിജയമായിരുന്നു. റിയാസ് ഖാനായിരുന്നു ചിത്രത്തിലെ വില്ലന്‍. ബാലേട്ടന്‍ മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്യാന്‍ പല നിര്‍മാതാക്കളും തയാറായിരുന്നെന്നും എന്നാല്‍ അത് നടക്കാതെ പോയെന്നും റിയാസ് ഖാന്‍ പറഞ്ഞു.

ബാലേട്ടന്‍ മലയാളത്തില്‍ വന്‍ ഹിറ്റായതുകൊണ്ട് മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്താല്‍ തീര്‍ച്ചയായും ഹിറ്റാകുമെന്ന് പലരും വിചാരിച്ചെന്നും എന്നാല്‍ സിനിമ കണ്ട ശേഷം ഭദ്രന്‍ എന്ന കഥാപാത്രം കാരണം അവര്‍ റീമേക്ക് ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചെന്നും റിയാസ് ഖാന്‍ പറഞ്ഞു.

നായകനെക്കാള്‍ വില്ലന്‍ ഡൊമിനേറ്റ് ചെയ്യുന്നത് പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ചിന്ത കാരണമാണ് അവര്‍ മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്യാത്തതെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ബാലേട്ടന്‍ എന്ന സിനിമ അന്നത്തെക്കാലത്ത് ഒരു ഹങ്കാമയായിരുന്നു. എല്ലാ ഭാഷയിലും ആ സിനിമ റീമേക്ക് ചെയ്യാന്‍ പലരും ആഗ്രഹിച്ചിരുന്നു. തമിഴിലെയും, തെലുങ്കിലെയും, കന്നഡയിലെയും നിര്‍മാതാക്കള്‍ അതിന് വേണ്ടി ശ്രമിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ആരും ബാലേട്ടന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

സിനിമ കണ്ട ശേഷം അവര്‍ ആ പ്ലാന്‍ ഉപേക്ഷിച്ചു. കാരണം, സിനിമയുടെ രണ്ടാം പകുതി മുഴുവന്‍ ഭദ്രന്‍ എന്ന കഥാപാത്രമാണ് ഡൊമിനേറ്റ് ചെയ്യുന്നത്. അവസാനം വരെ നായകന്‍ വില്ലന് മുന്നില്‍ നിസ്സഹായനായി നില്‍ക്കുകയാണ്. ഭദ്രന്‍ എന്ന കഥാപാത്രം അത്രക്ക് പവര്‍ഫുള്ളാണ്. അങ്ങനെയൊരു സിനിമ കേരളത്തിന് പുറത്തുള്ള ഓഡിയന്‍സ് സ്വീകരിക്കുമോ എന്ന ടെന്‍ഷന്‍ അവര്‍ക്കുണ്ടായിരുന്നു.

ബാലേട്ടനിലെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് തെലുങ്കില്‍ നിന്ന പല സിനിമകള്‍ക്കും എന്നെ വിളിച്ചത്. ഏതാണ്ട് 35ഓളം സിനിമകള്‍ ബാലേട്ടന്‍ കാരണം എനിക്ക് തെലുങ്കില്‍ ചെയ്യാന്‍ പറ്റി. ബാലേട്ടനിലെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് എന്നെ വിളിച്ചതെന്ന് പലരും എന്നോട് പറഞ്ഞിട്ടുമുണ്ട്,’ റിയാസ് ഖാന്‍ പറഞ്ഞു.

Content Highlight: Riyaz Khan about Balettan movie