national news
ഭീഷണിക്കുള്ള മറുപടി; ഷിംല കരാര്‍ ഒപ്പിട്ട മേശപ്പുറത്ത് നിന്ന് പാകിസ്ഥാന്‍ പതാക ഒഴിവാക്കി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 26, 01:59 am
Saturday, 26th April 2025, 7:29 am

ന്യൂദല്‍ഹി: ഷിംല കരാര്‍ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാകിസ്ഥാന്‍ പതാക നീക്കം ചെയ്ത് ഇന്ത്യ. ഹിമാചല്‍ പ്രദേശിലെ രാജ്ഭവനില്‍ നിന്നാണ് പാക് പതാക നീക്കം ചെയ്തത്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്ഥാന്‍ പ്രസിഡന്റായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ചേര്‍ന്നാണ് ഹിമാചല്‍ രാജ്ഭവനില്‍ വെച്ച് ഷിംല കരാര്‍ ഒപ്പുവെച്ചത്.

രാജ്ഭവനിലെ കീര്‍ത്തി ഹാളിലാണ് ഈ ചരിത്ര സ്മാരകം സംരക്ഷിച്ചിരുന്നത്. 1972ല്‍ കരാര്‍ ഒപ്പുവെച്ചത് മുതല്‍ ഈ തടിമേശ ഹിമാചല്‍ രാജ്ഭവനിലുണ്ട്. ഷിംല കരാര്‍ മരവിപ്പിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇന്ത്യ പാകിസ്ഥാന്‍ പതാക മേശപ്പുറത്ത് നിന്ന് മാറ്റിയത്.

1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിന് ശേഷമാണ് ഷിംല കരാര്‍ നിലവില്‍ വന്നത്. ഇരുരാജ്യങ്ങളിലെയും സംഘര്‍ഷങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയും പാകിസ്ഥാനും കരാറില്‍ ഒപ്പിട്ടത്. മൂന്നാമതൊരാളുടെ ഇടപെടലില്ലാതെ തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു കരാറിലെ പ്രധാന തീരുമാനം.

ഇതിന് പുറമെ 1972ലെ ഇന്ത്യ-പാകിസ്ഥാന്‍ ഉച്ചകോടിയുടെ നിരവധി ഫോട്ടോകളും ഹിമാചല്‍ രാജ്ഭവനില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ ഭൂട്ടോ കരാറില്‍ ഒപ്പുവെക്കുന്നതിന്റെയും സുല്‍ഫിക്കര്‍ അലി ഭൂട്ടോയോടൊപ്പം ഇന്ദിരാ ഗാന്ധി ഇരിക്കുന്നതിന്റെയും ഫോട്ടോയും രാജ്ഭവനിലുണ്ട്.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചത്. പാകിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് പ്രഖ്യാപിച്ചും സിന്ധു നദീജല കരാര്‍ റദ്ദാക്കിയുമാണ് ഇന്ത്യ പാകിസ്ഥാനെതിരെ നിലപാടെടുത്തത്.

പാക് നയതന്ത്ര ഉദ്യോഗസ്ഥരോടും ഇന്ത്യ വിടാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു. പാക് നയതന്ത്ര പ്രതിനിധികള്‍ക്ക് രാജ്യത്ത് നിന്ന് മടങ്ങാന്‍ രണ്ടാഴ്ച്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. പാക് പൗരന്മാര്‍ക്ക് അനുവദിച്ച വിസകള്‍ റദ്ദാക്കുമെന്ന് അറിയിച്ച ഇന്ത്യ, വാഗ-അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തിരുന്നു.

ദല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉപദേഷ്ടാക്കളെ പേര്‍സോണ നോണ്‍ ഗ്രാറ്റ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ക്ക് ഇന്ത്യ വിടാന്‍ ഒരാഴ്ച സമയമുണ്ട്.

പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നും ഇന്ത്യ പ്രതിനിധികളെ പിന്‍വലിക്കും. മെയ് ഒന്നോടെ ഹൈക്കമ്മീഷനുകളിലെ ആകെ അംഗസംഖ്യ 55 ല്‍ നിന്ന് 30 ആയി കുറയ്ക്കും. ഇതിനെല്ലാം പുറമെയാണ് പാക് പതാക നീക്കം ചെയ്തുകൊണ്ടുള്ള ഇന്ത്യയുടെ നടപടി.

Content Highlight: India removes Pakistan flag from Shimla Agreement signing table