2024 ഐ.പി.എല്ലില്‍ റിഷബ് പന്ത് തിരിച്ചുവരും
Sports News
2024 ഐ.പി.എല്ലില്‍ റിഷബ് പന്ത് തിരിച്ചുവരും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th December 2023, 9:17 pm

നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത്. 2024ല്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ സീസണിലേക്ക് താരം തിരിച്ചു വരും എന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ.പി.എല്ലില്‍ ദല്‍ഹി ഫ്രാഞ്ചൈസിയെ നയിക്കുന്നത് പന്ത് ആണെന്ന് ടീം മാനേജ്‌മെന്റ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

 

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം നിലവില്‍ ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ആരോഗ്യസ്ഥിതി വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. വാഹനാപകടത്തില്‍ താരത്തിന്റെ വലത് കാല്‍മുട്ടിനും കണങ്കാലിനും പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു. ഫെബ്രുവരി അവസാനത്തോടെ താരം പൂര്‍ണമായ ഫിറ്റ്‌നസ്സില്‍ ടീമില്‍ എത്തുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ഐ.പി.എല്ലില്‍ സജീവമായി പങ്കെടുക്കാനുള്ള എന്‍.സി.എ മാനേജര്‍മാരില്‍ നിന്നുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ലെന്ന് മറ്റൊരു കാര്യമാണ്.

എന്നാല്‍ അദ്ദേഹത്തിന് വിക്കറ്റ് കീപ്പറിന്റെ സ്ഥാനത്തേക്ക് നിയമിക്കുന്നതില്‍ അനിശ്ചിതത്വം തുടരും.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അനുമതി നല്‍കിയാല്‍ മാത്രമേ വിക്കറ്റ് കീപ്പിങ് ചുമതല അദ്ദേഹത്തിന് നല്‍കുകയുള്ളൂ എന്ന് ഫ്രാഞ്ചൈസി വ്യക്തമാക്കിയിരുന്നു; അല്ലെങ്കില്‍ ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. അതുകൊണ്ട് ഒരു ഇമ്പാക്ട് പ്ലെയര്‍ എന്നതിലുപരി താരത്തെ തീര്‍ച്ചയായും കളിക്കളത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ദല്‍ഹി ഫ്രാഞ്ചൈസിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഐ.പി.എല്‍ സീസണില്‍ മുഴുവന്‍ മത്സരങ്ങളും പന്തിന് നഷ്ടമായിരുന്നു അദ്ദേഹത്തിന്റെ സംഭാവനകളുടെ അഭാവം മൂലം ടീം ഒമ്പതാം സ്ഥാനത്ത് പിന്തള്ളപ്പെടുകയും ഉണ്ടായിരുന്നു. ഇത് ദല്‍ഹി ക്യാപ്പിറ്റല്‍സിന് വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. വരാനിരിക്കുന്ന സീസണില്‍ പന്തും സംഘവും മികച്ച പ്രകടനം കാഴ്ചക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

2023 ജനുവരി മുതല്‍ ഇന്ത്യ 62 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ പന്തിന് ഈ മത്സരങ്ങള്‍ എല്ലാം നഷ്ടപ്പെടുകയായിരുന്നു.

Content Highlight: Rishabh Pant will return in 2024 IPL