കരിയറില്‍ അവന്‍ ഇനിയും ഉയരങ്ങളില്‍ എത്തും; ഇന്ത്യന്‍ യുവ ബാറ്ററെ കുറിച്ച് റിഷബ് പന്ത്
Sports News
കരിയറില്‍ അവന്‍ ഇനിയും ഉയരങ്ങളില്‍ എത്തും; ഇന്ത്യന്‍ യുവ ബാറ്ററെ കുറിച്ച് റിഷബ് പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th March 2024, 7:32 pm

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഇന്ത്യ 4- 1 ന് വിജയിക്കുകയും ചാമ്പ്യന്മാര്‍ ആവുകയും ചെയ്തിരുന്നു. പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പന്ത്.

വാഹനാപകടത്തില്‍ പരിക്ക് പറ്റി ഏറെ കാലം ചികിത്സയിലായിരുന്ന പന്ത് നിലവില്‍ ദല്‍ഹി കാപിറ്റല്‍സില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ആദം ഗില്‍ക്രിസ്റ്റിനും മൈക്കല്‍ വോണിനും ഒപ്പം ക്ലബ് പ്രെയരി ഫയര്‍ പോര്‍ട്ട് കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു പന്ത്.

‘കാലക്രമേണ യുവ കളിക്കാര്‍ എങ്ങനെയാണ് ടീമിലേക്ക് ചുവടുവെച്ചതെന്ന് കാണുന്നത് അതിശയകരമാണ്. അവന്‍ എല്ലായ്പ്പോഴും പ്രകടനം നടത്തണമെന്നില്ല, എന്നാല്‍ അവന്‍ പ്രകടനം നടത്തുമ്പോള്‍, അവന്‍ തല താഴ്ത്തി തന്റെ ചുമതലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യശസ്വി ജയ്സ്വാള്‍ തല താഴ്ത്താനും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാനും ഇഷ്ടപ്പെടുന്ന അത്തരത്തിലുള്ള ഒരാളാണ്. അദ്ദേഹം അത് തുടരുകയാണെങ്കില്‍, അദ്ദേഹത്തിന് ഒരുപാട് ദൂരം സഞ്ചരിക്കാനാകും,’ പന്ത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന കെ.എല്‍. രാഹുലിന്റെ റെക്കോഡ് മറികടന്നതോടെയാണ് ജയ്സ്വാളിന്റെ ഉയര്‍ച്ച ആരംഭിച്ചത്. തുടര്‍ന്ന് ടി-20 ഐയിലും ടെസ്റ്റുകളിലും താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു, അന്നുമുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ രണ്ട് ഇരട്ട സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 79.91 സ്‌ട്രൈക്ക് റേറ്റിലാണ് താരം പരമ്പരയില്‍ 712 റണ്‍സ് നേടിയത്.

2020 സീസണിലാണ് താരം ഐ.പി.എല്ലില്‍ എത്തുന്നത്. ഇതുവരെ 37 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്നും 1172 റണ്‍സ് ആണ് താരം നേടിയത്. 148.73 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ച്വറിയും 8 അര്‍ദ്ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. ഇതുവരെ 144 ഫോറും 48 സിക്സറും താരത്തിന്റെ പേരിലുണ്ട്.

 

 

 

 

Content Highlight: Rishabh Pant Talking About Yashavsi Jaiswal