ബെയ്ജിങ്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ പിന്തുണച്ച് ചൈന. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന നിര്‍ദേശത്തിന് പിന്നാലെയാണ് പാകിസ്ഥാന് പിന്തുണയുമായി ചൈന രംഗത്തെത്തുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിനാണ് പാകിസ്ഥാന് ചൈന പിന്തുണ അറിയിച്ചത്.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി ഫോണില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.
ഭീകരാക്രമണത്തിനു ശേഷമുള്ള സംഭവവികാസങ്ങള്‍ ചൈന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും വാങ് പറഞ്ഞതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ റഷ്യക്കോ ചൈനക്കോ മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കോ ഇന്ത്യ പറയുന്നത് സത്യമാണോയെന്ന് അന്വേഷിക്കാമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
ഇന്ത്യയോ മോദിയോ കള്ളമാണോ സത്യമാണോ പറയുന്നതെന്ന് അന്വേഷിക്കാന്‍ അന്വേഷണ സംഘത്തെ രൂപീകരിക്കാവുന്നതാണെന്നും അന്താരാഷ്ട്ര സംഘം അത് കണ്ടെത്തട്ടേയെന്നുമായിരുന്നു ഖവാജ ആസിഫിന്റെ പരാമര്‍ശം.
ഏപ്രില്‍ 22നുണ്ടായ പഹല്‍ഗാം ആക്രമണത്തില്‍ വിനോദസഞ്ചാരികളുള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ലഷ്‌കര്‍ ഇ ത്വയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു. തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനുമായുള്ള പ്രധാനപ്പെട്ട കരാറുകളെല്ലാം പിന്‍വലിച്ചിരുന്നു. ഷിംല, സിദ്ധു നദീജല കരാര്‍ അടക്കമാണ് പിന്‍വലിച്ചത്. ജലം തരാതിരിക്കുന്നത് യുദ്ധത്തിനുള്ള തുടക്കമാണെന്ന് പാകിസ്ഥാനും പറഞ്ഞിരുന്നു.
Content Highlight: Pahalgam terror attack; China expresses support to Pakistan