national news
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഹരിയാനയിൽ മുസ്‌ലിങ്ങളുടെ കടകൾ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 28, 01:18 am
Monday, 28th April 2025, 6:48 am

ചണ്ഡീഗഢ്: പഹൽഗാം ആക്രമണത്തിന് പിന്നാലെ ഹരിയാനയിൽ മുസ്‌ലിങ്ങളുടെ കടകൾ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികൾ. ഹരിയാനയിലെ അംബാലയിലെ സാഹയിലാണ് ആക്രമണം ഉണ്ടായത്. പഹൽഗാം ഭീകരാക്രമണത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ തീവ്ര ഹിന്ദുത്വവാദികൾ ജയ് ശ്രീറാം എന്ന് വിളിച്ചുകൊണ്ട് മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കടകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്യുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അക്രമാസക്തമായ ഒരാൾ ഒരു കടയിലെ സാധനങ്ങൾ തകർക്കുന്നതും ചുറ്റുമുള്ളവർ ‘പാകിസ്ഥാൻ മുർദാബാദ്, ഭാരത് മാതാ കീ ജയ് ‘ എന്ന് വിളിക്കുന്നതും കാണാം. മറ്റുചിലർ കല്ലുകൊണ്ട് വാഹനങ്ങൾ അടിച്ചു തകർക്കുന്നതും കാണാം.

പഹൽഗാം ആക്രമണത്തിന് പിന്നാലെ ആദായമായല്ല ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന മറ്റൊരു ആക്രമണത്തിൽ തീവ്ര ഹിന്ദുത്വവാദികളുടെ സംഘം മുസ്‌ലിം ഉടമസ്ഥതയിലുള്ള നിരവധി കടകളും വാഹങ്ങളും നശിപ്പിക്കുകയും മുസ്‌ലിം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിനിടെ അക്രമികൾ ‘ഡാബറിന്റെ എണ്ണ പുരട്ടുക, ബാബറിന്റെ പേര് മായ്ക്കുക’ തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും മുസ്‌ലിം സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമ ഭീഷണി മുഴക്കുകയും ചെയ്തു.

അതേസമയം ഭീകരാക്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി പഹൽഗാം നിവാസികൾ പ്രതിഷേധിച്ചു. പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കെതിരെ ഭീകരാക്രമണം നടന്നതിന് പിന്നാലെ പഹല്‍ഗാം മേഖലയിലെ ടൂറിസം മേഖല നിശ്ചലമായതോടെയാണ് പ്രതിഷേധം.

പ്രിയപ്പെട്ട ടൂറിസ്റ്റുകളെ കൊല്ലുന്നത് ക്ഷമിക്കാന്‍ കഴിയില്ലെന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ഭീകരരെ കൊണ്ട് പൊറുതിമുട്ടിയെന്നും ഭീകരരെ തൂക്കിലേറ്റണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ.

കശ്മീരിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് പഹല്‍ഗാം. പ്രദേശത്തെ ജനങ്ങളില്‍ ഭൂരിഭാഗം പേരും ടൂറിസത്തെയായിരുന്നു ഉപജീവനത്തിനായി ആശ്രയിച്ചിരുന്നത്. കുതിരസവാരി, ടൂറിസ്റ്റ് ഗൈഡിങ് ഉള്‍പ്പെടെ നിരവധി മാര്‍ഗങ്ങളായിരുന്നു പ്രദേശവാസികള്‍ക്കുണ്ടായിരുന്നത്.

ഏപ്രില്‍ 22നാണ് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കെതിരെ ആക്രമണമുണ്ടായത്. ഒരു കശ്മീര്‍ നിവാസി ഉള്‍പ്പെടെ 26 പേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.

ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

 

Content Highlight: Hindutva mob attacks shops in Haryana after Pahalgam attack