'ഞങ്ങള്‍ വളര്‍ന്നത് യുവിയെ കണ്ടായിരുന്നു, ന്യൂ ജനറേഷനിലെ യുവരാജാണ് റിഷഭ്'; ഡല്‍ഹി താരത്തെ പുകഴ്ത്തി ബാംഗ്ലൂര്‍ താരം
ipl 2018
'ഞങ്ങള്‍ വളര്‍ന്നത് യുവിയെ കണ്ടായിരുന്നു, ന്യൂ ജനറേഷനിലെ യുവരാജാണ് റിഷഭ്'; ഡല്‍ഹി താരത്തെ പുകഴ്ത്തി ബാംഗ്ലൂര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd April 2018, 5:02 pm

ബാംഗ്ലൂര്‍: ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മത്സരം കാണികള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ആവേശം പകരുന്നതായിരുന്നു. ആദ്യം ബാറ്റുചെത് ഡല്‍ഹി യുവതാരങ്ങളായ റിഷബ് പന്തിന്റെയും ശ്രേയസ് അയ്യരിന്റെയും മികച്ച ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ ഉയര്‍ത്തിയ 175 റണ്‍സ് എബി ഡി വില്ല്യേഴ്‌സിന്റെ വെടിക്കെട്ടിന്റെ പിന്‍ബലത്തിലാണ് ബാംഗ്ലൂര്‍ മറികടന്നത്.

തുടക്കത്തിലെ നായകന്‍ ഗൗതം ഗംഭീറിന്റെയും ജാസണ്‍ റോയിടുടെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അയ്യരിന്റെയും പന്തിന്റെയും ബാറ്റിങ്ങ് പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ശ്രേയസ് അയ്യര്‍ 31 പന്തില്‍ 3 സിക്സിന്റെയും 4 ഫോറിന്റെയും പിന്‍ബലത്തില്‍ 52 റണ്ണാണ് നേടിയത്. റിഷഭ് പന്താകട്ടെ 48 പന്തുകളില്‍ നിന്ന് ഏഴു മനോഹര സിക്‌സുകളുടെയും ആറു ഫോറിന്റെയും അകമ്പടിയോടെ 85 റണ്‍സും നേടി.

മത്സരത്തിനു പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ സഹതാരമായ റിഷഭ് പന്തിന്റെ ബാറ്റിങ്ങ് പ്രകടനത്തെ പ്രശംസിച്ച രംഗത്തെത്തിയിരിക്കുകയാണ് ബാംഗ്ലൂര്‍ താരം മന്‍ദീപ് സിങ്. റിഷഭിന്റെ പ്രകടനം യുവരാജിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണെന്നാണ് മന്‍ദീപ് പറയുന്നത്.

“റിഷഭ് അത്ഭുതപ്പെടുത്തുകയാണ്. ഞങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ എപ്പോഴും യുവരാജിനെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. യുവി പാ മറ്റാരെക്കാളും മികച്ച രീതിയിലാണ് സിക്‌സുകള്‍ പറത്തുക. ഈ ജനറേഷനില്‍ പന്തിന്റെ പേരുമാത്രമാണ് എനിക്കത് പോലെ തോന്നുന്നത്. അതുപോലെ തന്നെ സിക്‌സറുകല്‍ പായിക്കുന്നവനാണ് പന്ത്” മന്‍ദീപ് പറഞ്ഞു.

എബി ഡിയെക്കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിച്ച താരം താനെന്താണ് അദ്ദേഹത്തെക്കുറിച്ച് പറയേണ്ടതെന്നായിരുന്നു പ്രതികരിച്ചത്. ഇവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നതും അടുത്ത് നിന്ന് മികച്ച ഇന്നിങ്‌സ് കാണാന്‍ കഴിയുന്നതും തന്റെ ഭാഗ്യമാണെന്നും മന്‍ദീപ് പറഞ്ഞു.