ഹാലണ്ടും എംബാപ്പെയുമല്ല, മെസിക്കൊപ്പം എത്തി നില്‍ക്കുന്നത് മറ്റൊരു താരം: റിയോ ഫെര്‍ഡിനന്‍ഡ്
Football
ഹാലണ്ടും എംബാപ്പെയുമല്ല, മെസിക്കൊപ്പം എത്തി നില്‍ക്കുന്നത് മറ്റൊരു താരം: റിയോ ഫെര്‍ഡിനന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th May 2023, 2:25 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസിനെ പുകഴ്ത്തി മുന്‍ താരം റിയോ ഫെര്‍ഡിനന്‍ഡ്. 2020ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേക്കേറിയ താരമാണ് ഫെര്‍ണാണ്ടസ്. ഈ സീസണില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നതെന്നും മെസി മാത്രമാണ് അദ്ദേഹത്തിന് മുകളിലുള്ളതെന്നും ഫെര്‍ഡിനന്‍ഡ് പറഞ്ഞു. ദ മിറര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഫെര്‍ണാണ്ടസിന്റെ പാസുകളും, ചാന്‍സുകള്‍ സൃഷ്ടിക്കുന്ന രീതിയുമെല്ലാം പ്രശംസനീയമാണ്. യുണൈറ്റഡില്‍ ചേര്‍ന്നതിന് ശേഷമുള്ള ഗോളുകളുടെ എണ്ണം പരിശോധിച്ചാല്‍ മെസി മാത്രമാണ് അവനെക്കാള്‍ കൂടുതല്‍ സകോര്‍ ചെയ്തിരിക്കുന്നത്.

ഞാന്‍ പറയുന്നത് അവന്‍ മെസിയുടെ ലെവലില്‍ എത്തി എന്നല്ല, ബ്രൂണോ മെസിക്കൊപ്പമെത്തി എന്ന് ആരും പറഞ്ഞിട്ടില്ല. മെസി മാത്രമാണ് അദ്ദേഹത്തിന് മുകളില്‍ എന്നാണ് ഞാന്‍ പറഞ്ഞത്,’ ഫെര്‍ഡിനന്‍ഡ് പറഞ്ഞു.

2021-22 സീസണിലെ പ്രകടനം നോക്കുമ്പോള്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ താരത്തിന് കൂടുതല്‍ മികച്ച് മുന്നേറാനാകുമെന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ച 49 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളും 13 അസിസ്റ്റുകളുമാണ് ഫെര്‍ണാണ്ടസ് അക്കൗണ്ടിലാക്കിയത്.

അതേസമയം, വരുന്ന ശനിയാഴ്ചയാണ് പി.എസ്.ജി ജേഴ്സിയില്‍ മെസി അവസാനമായി കളത്തിലിറങ്ങുക. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന താരം തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

ബാഴ്സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ദരിച്ച് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Rio Ferdinand compares Bruno Fernandez with Lionel Messi