Advertisement
Kerala News
തൃശൂര്‍ പൂരത്തെ സംബന്ധിച്ച വിവരാവകാശം; വിവരം നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 20, 03:47 pm
Friday, 20th September 2024, 9:17 pm

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിവരാവകാശം നല്‍കിയതില്‍ നടപടി. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.

മനോരമ ന്യൂസ് നല്‍കിയ വിവരാവകാശത്തിലാണ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്. ഡി.വൈ.എസ്.പി എം.എസ് സന്തോഷിനെതിരായാണ് നടപടി. എന്‍.ആര്‍.ഐ  സെല്ലിന്റെ ചുമതല കൂടിയുള്ള ഉദ്യോഗസ്ഥനാണ് എം.ആര്‍. സന്തോഷ്.

ഉദ്യോസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയുണ്ടാകുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കിയത് സര്‍ക്കാരിനും പൊലീസിനും കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇന്ന് ഉച്ചയോടെ പുറത്തുവന്ന വിവരങ്ങളില്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടത് വിഷയങ്ങളിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നായിരുന്നു പറഞ്ഞിരുന്നത്. തൃശൂര്‍ പൂരവുമായി സംബന്ധിച്ച പരാതികളില്‍ അന്വേഷണം നടക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ ആരുടെ നേതൃത്വത്തില്‍, ഇതുവരെയുള്ള അന്വേഷണത്തില്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോ, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പകര്‍പ്പ് കൈമാറുമോ3 എന്നിങ്ങനെയായിരുന്നു വിവരവകാശത്തിലെ ചോദ്യങ്ങള്‍.

എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി തന്റെ ഓഫീസുമായി ബന്ധപ്പെതാണെന്ന് കരുതുന്നില്ല. വിവരങ്ങള്‍ക്കായി തൃശൂര്‍ സിറ്റി പൊലീസിനെ സമീപിക്കണമെന്നുമാണ് ഡി.ജി.പി അറിയിച്ചത്. തുടര്‍ന്ന് തൃശൂര്‍ പൂരത്തില്‍ അന്വേഷണം ഒന്നും തന്നെ നടക്കുന്നില്ലെന്ന സിറ്റി പൊലീസിന്റെ മറുപടി ഉള്‍പ്പെടെയാണ് മനോരമ ന്യൂസ് പുറത്തുവിട്ടത്.

വിവരങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സി.പി.ഐ നേതാവും മുന്‍ മന്ത്രിയും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന വി.എസ്. സുനില്‍ കുമാറും ഇതിന്മേല്‍ പ്രത്യേകം വിവരാവകാശം നല്‍കിയിരുന്നു.

എന്നാല്‍ നിലവില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നാളെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മാധ്യമങ്ങളെ കാണാനിരിക്കെയാണ് ഉദ്യോഗസ്ഥനെതിരായ സസ്പന്‍ഷന്‍ നടപടി.

Content Highlight: Right to Information regarding Thrissur Pooram; Action to inform officer