'11-ാം മണിക്കൂറില്‍ ടീമിലേക്കു വരുന്നത് അത്ര നന്നാവില്ല, അദ്ദേഹം ടീമില്‍ ഇല്ലാതിരുന്നത് നന്നായി'- ഡിവില്ലിയേഴ്‌സിനെക്കുറിച്ച് ജോണ്ടി റോഡ്‌സ്
ICC WORLD CUP 2019
'11-ാം മണിക്കൂറില്‍ ടീമിലേക്കു വരുന്നത് അത്ര നന്നാവില്ല, അദ്ദേഹം ടീമില്‍ ഇല്ലാതിരുന്നത് നന്നായി'- ഡിവില്ലിയേഴ്‌സിനെക്കുറിച്ച് ജോണ്ടി റോഡ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st July 2019, 12:00 am

ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എ.ബി ഡിവില്ലിയേഴ്‌സിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് നന്നായെന്ന് വെറ്ററന്‍ ക്രിക്കറ്റ് താരവും ഫീല്‍ഡിങ് ഇതിഹാസവുമായ ജോണ്ടി റോഡ്‌സ്. ടീമിന്റെ മുഴുവനായുള്ള ശ്രമമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷം മെയ് 23-നായിരുന്നു അപ്രതീക്ഷിതമായി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. 14 വര്‍ഷം നീണ്ട കരിയറായിരുന്നു അവിടെ അവസാനിച്ചത്. എന്നാല്‍ അതിനുശേഷം നടന്ന ഐ.പി.എല്ലില്‍ അദ്ദേഹം കളിക്കുകയും ചെയ്തു.

‘ഞാന്‍ എ.ബിയുടെ വലിയൊരു ആരാധകനാണ്. പക്ഷേ 11-ാം മണിക്കൂറില്‍ ടീമിലേക്കു തിരിച്ചെത്തുന്നത് ആര്‍ക്കും അത്ര നന്നാവില്ല. ഒരു ടൂര്‍ണമെന്റില്‍ വിധി നിര്‍ണയിക്കുന്നത് ഒരാളല്ല. അതൊരു ടീമിന്റെ മുഴുവന്‍ പരിശ്രമമാണ്. അവസാന മിനിറ്റില്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് നന്നായി.’- റോഡ്‌സ് പറഞ്ഞു.

ലോകകപ്പ് ടീം പ്രഖ്യാപനത്തിനുശേഷം ടീമിലേക്കു തിരികെവരാനുള്ള സന്നദ്ധത ഡിവില്ലിയേഴ്‌സ് അറിയിച്ചിരുന്നു. അതൂ ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പരാമര്‍ശം.

ഡിവില്ലിയേഴ്‌സ് താത്പര്യം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. ഇക്കാര്യം കോച്ച് ഓട്ടിസ് ഗിബ്‌സണും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസുമാണ് പിന്നീട് വെളിപ്പെടുത്തിയത്.

ഇത്തവണ മോശം പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടര്‍മത്സരങ്ങള്‍ ജയിച്ചാല്‍ പോലും സെമിഫൈനലില്‍ കടക്കാനാകില്ല. സ്പീഡ്ഗണ്‍ ഡെയ്ല്‍ സ്റ്റെയ്‌നും ഇത്തവണ പരിക്കുമൂലം പിന്മാറിയത് അവര്‍ക്കു തിരിച്ചടിയായി.