Advertisement
Cricket
ടെസ്റ്റിൽ ധോണി നേടിയത് വെറും ആറ് സെഞ്ച്വറികൾ മാത്രം, എന്നാൽ അവൻ ഇതിനേക്കാൾ മുകളിലാണ്: റിക്കി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 11, 11:23 am
Wednesday, 11th September 2024, 4:53 pm

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. ബാറ്റിങ്ങിനിറങ്ങുമ്പോഴുള്ള പന്തിന്റെ സമീപനം എങ്ങനെയാണെന്നതിനെക്കുറിച്ചാണ് പോണ്ടിങ് പറഞ്ഞത്. സ്‌കൈ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു ഓസ്‌ട്രേലിയന്‍ ഇതിഹാസം.

‘അദ്ദേഹം വളരെ സ്വാധീനമുള്ള ഒരു ക്രിക്കറ്റ് കളിക്കാരനാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിനോടകം തന്നെ അദ്ദേഹം നാലോ അഞ്ചോ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. അവന്‍ ക്രിക്കറ്റ് നല്ല രീതിയില്‍ ആസ്വദിക്കുന്നുണ്ട് ധോണി 120(90) ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതില്‍ നിന്നും അദ്ദേഹം ആറ് തവണയാണ് സെഞ്ച്വറി നേടിയത്. ഇതേസമയം പന്ത് ഇതിനോടകം തന്നെ നാലോ അഞ്ചോ സെഞ്ച്വറികള്‍ നേടി. അതുകൊണ്ടുതന്നെ അദ്ദേഹം ഒരു ഗൗരവമുള്ള ക്രിക്കറ്റ് താരമാണ്,’ റിക്കി പോണ്ടിങ് പറഞ്ഞു.

റിഷബ് പന്തിന്റെ ക്രിക്കറ്റിലേക്കുള്ള മികച്ച തിരിച്ചുവരവിനെക്കുറിച്ചും മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സംസാരിച്ചു.

‘ഗുരുതരമായി പരിക്കേറ്റ ഒരു കളിക്കാരന്റെ ശ്രദ്ധേയമായ തിരിച്ചുവരവായിരുന്നു ഇത്. അപകടം പറ്റി പന്ത് ഒരിക്കലും 2024 ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ കളിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ 12 മാസം മുമ്പ് പന്ത് ഐ.പി.എല്ലിലേക്ക് മടങ്ങി വരുമെന്ന് പറഞ്ഞിരുന്നു.

ഞങ്ങള്‍ അവനെ ഒരു സബ് പ്ലെയര്‍ ആയി കളിപ്പിക്കണമെന്ന് കരുതി. പക്ഷേ അവന്‍ ടീമിനുവേണ്ടി കളിക്കുകയും മികച്ച സ്‌കോറുകള്‍ നേടുകയും ചെയ്തു. പന്ത് ടീമിന്റെ ടോപ് സ്‌കോറര്‍മാരില്‍ ഒരാളായിരുന്നു. കൂടാതെ 2024ലെ ഐ.സി.സി ടി-20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാനും അവന് കഴിഞ്ഞു,’ റിക്കി പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കായി റെഡ് ബോള്‍ ക്രിക്കറ്റില്‍ 2018 ല്‍ അരങ്ങേറ്റം കുറിച്ച പന്ത് 33 മത്സരങ്ങളില്‍ 56 ഇന്നിങ്സുകളില്‍ നിന്നും 2271 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. അഞ്ച് സെഞ്ച്വറികളും 11 അര്‍ധസെഞ്ച്വറികളുമാണ് താരം നേടിയത്.

ഏകദിനത്തില്‍ 31 മത്സരങ്ങളില്‍ നിന്നും 871 റണ്‍സും താരം നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറികളുമാണ് പന്ത് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. ടി-20യില്‍ 76 മത്സരങ്ങളിലാണ് ഇന്ത്യയ്ക്കുവേണ്ടി പന്ത് കളത്തിലിറങ്ങിയിട്ടുള്ളത്. ഇതില്‍ മൂന്ന് ഫിഫ്റ്റി ഉള്‍പ്പെടെ 1209 റണ്‍സും താരം നേടി.

 

Content Highlight: Ricky Ponting Talks About Rishabh Pant