Kerala News
യു.ജി.സി കരടിനെതിരായ പ്രതിരോധം; കേരളത്തിന്റെ ദേശീയ ഉന്നതവിദ്യാഭ്യാസ കണ്‍വന്‍ഷന്‍ നാളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 19, 01:52 pm
Wednesday, 19th February 2025, 7:22 pm

തിരുവനന്തപുരം: യു.ജി.സി കരട് റെഗുലേഷനെതിരെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘യു.ജി.സി കരട് റെഗുലേഷന്‍; ദേശീയ ഉന്നതവിദ്യാഭ്യാസ കണ്‍വന്‍ഷന്‍’ നാളെ (വ്യാഴം) നടക്കും. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2025 ജനുവരി ആറിലെ യു.ജി.സി കരട് റെഗുലേഷനുകള്‍ സംബന്ധിച്ച ദേശീയ കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്.

നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്ക മല്ലുവും കര്‍ണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം.സി. സുധാകര്‍, തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോവി ചെഴിയാന്‍ എന്നിവരും കണ്‍വെന്‍ഷനില്‍ വിശിഷ്ടാതിഥികളായിരിക്കും.

മറ്റ് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും കണ്‍വെഷനില്‍ പങ്കെടുക്കും. റവന്യൂ മന്ത്രി കെ. രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

ജെ.എന്‍.യു പ്രൊഫസര്‍ എമെറിറ്റസ് പ്രഭാത് പട്‌നായിക് പ്രഭാഷണം നടത്തും. ഭരണ-പ്രതിപക്ഷ എം.എല്‍.എമാരും ചീഫ് സെക്രട്ടറി ഉള്‍പ്പടെ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും ഉന്നത വിദ്യാഭ്യാസവകുപ്പിലെ വിവിധ ഏജന്‍സികളുടെ മേധാവികളും വിവിധ സര്‍വകലാശാല നേതൃത്വങ്ങളും അധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളും അനധ്യാപക ജീവനക്കാരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

അമിതാധികാര കേന്ദ്രീകരണ സമീപനത്തോടുകൂടിയ കേന്ദ്ര സര്‍ക്കാരിന്റെയും യു.ജി.സിയുടെ ഇടപെടലിനെ പ്രതിരോധിക്കുന്ന ദേശീയാടിസ്ഥാനത്തിലുള്ള പ്രതികരണവേദി എന്ന നിലയിലാണ് കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കുന്നതെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.

ഫെഡല്‍ തത്വങ്ങള്‍, സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശങ്ങള്‍ എന്നിവയ്ക്ക് തിരിച്ചടിയാകുന്ന ഉള്ളടക്കങ്ങളാണ് യു.ജി.സി കരട് റെഗുലേഷനില്‍ ഉള്ളതെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെയും യു.ജി.സിയുടെയും ഈ നീക്കത്തിനെതിരെ ദേശീയ തലത്തില്‍ പ്രതികരണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് കേരളം ഇത്തരത്തിലൊരു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം യു.ജി.സി കരടിനെതിരായ കണ്‍വെന്‍ഷനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. ഇതോടെ സര്‍വകലാശാല വി.സിമാര്‍ കണ്‍വെഷനില്‍ പങ്കെടുക്കുമോ എന്നതയില്‍ വ്യക്തത കുറവുണ്ടായിട്ടുണ്ട്.

Content Highlight: Resistance to UGC Draft; National Higher Education Convention of Kerala tomorrow