മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിനെത്തി സൈന്യം
Kerala News
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിനെത്തി സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2024, 4:11 pm

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിൽ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് എത്തി സൈന്യം. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് സൈന്യം. മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 84 മരണം രേഖപ്പെടുത്തി. 123 പേർ ചികിത്സയിലുണ്ട്. നിലവിൽ 9 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ചാലിയാർ പുഴയിൽ നിരവധി മൃതദേഹങ്ങളണ് ഒഴുകി വരുന്നത്. ചൂരല്‍മലയില്‍ തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. ചൂരല്‍മലയില്‍ നിന്ന് 100ലധികം ആളുകളെ ഇതുവരെ രക്ഷപ്പെടുത്തി

മുണ്ടക്കൈയില്‍ 100ലധികം ആളുകള്‍ മണ്ണിനടിയിലെന്നാണ് നിഗമനം. രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ആളുകൾക്ക് മീതെ മണ്ണും, വെള്ളവും വന്നു വീഴുകയായിരുന്നു.

എന്നാല്‍ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം വെല്ലുവിളി നേരിടുകയാണ്. മുണ്ടക്കൈയിലേക്കുള്ള ഏക മാർഗമായ പാലം തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നത്.

അതേസമയം വയനാട്ടില്‍ പെയ്തത് അതിതീവ്ര മഴയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് ദിവസം കൂടി അതിതീവ്ര മഴ തുടരാന്‍ സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു. മലപ്പുറം-വയനാട് അതിര്‍ത്തികളിലായി പെയ്തത് 30 സെന്റീമീറ്റര്‍ മഴയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: rescue operation started in mundakkai