കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള രേഖകളാണ് കാണാതായിരിക്കുന്നത്. ഇവയ്ക്ക് പുറമെ ഒമ്പത് രേഖകകളും കാണാതായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ നഷ്ടപ്പെട്ടത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സമര്‍പ്പിച്ച രേഖകളാണ് കാണാതായിരിക്കുന്നത്.
അതേസമയം സുപ്രധാന രേഖകള്‍ നഷ്ടമായിട്ടും കോടതി അന്വേഷണത്തിന് നടപടി എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകള്‍ നഷ്ടപ്പെട്ട വിവരം സെഷന്‍സ് ജഡ്ജി കഴിഞ്ഞ ഡിസംബറില്‍ രഹസ്യമായി ഹൈക്കോടതിയെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രേഖകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ നിലവില്‍ ഹൈക്കോടതി വിഷയത്തില്‍ ഗൗരവകരമായി ഇടപെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്.
മഹാരാജാസ് കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് ഉണ്ടായ എസ്എഫ്‌ഐ- ക്യാംപസ് ഫ്രണ്ട് സംഘര്‍ഷത്തെ തുടര്‍ന്ന് 2018 ജൂലൈ 2ന് അഭിമന്യു കൊല്ലപ്പെടുകയായിരുന്നു. കോളേജിന് പുറത്തുനിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായെത്തി അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlight: Reports related to Abhimanyu’s murder case are missing