തൃശൂര്‍: വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ മറിച്ചുവിറ്റ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി പുതിയവീട്ടില്‍ മുല്ല റാഫിയെന്ന് വിളിക്കുന്ന റാഫിയാണ് പിടിയിലായത്.
വിവാഹ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് വാഹനം വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍ക്കുകയാണ് റാഫി ചെയ്തിരുന്നത്.
ചിറക്കല്‍ സ്വദേശി സുധീറിന്റെ കാറ് നാലുമാസം മുമ്പാണ് ഇയാള്‍ വാടകയ്ക്ക് എടുത്തത്. വാഹനം തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ചേര്‍പ്പ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുധീറിന്റെ വാഹനം തമിഴ്നാട്ടിലേക്ക് വില്‍പനക്കായി കൊണ്ടുപോയി എന്നാണ് പറയുന്നത്. വാഹനം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
നേരത്തെ കട്ടപ്പനയിലും സമാന സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കട്ടപ്പന വെള്ളയാംകുടി കൂനംപാറയില്‍ ജോമോനെ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയത്.
ചെറിയ വാടകയ്ക്ക് വാഹനങ്ങള്‍ കൈക്കലാക്കിയ ശേഷം തമിഴ്നാട്ടിലെത്തിച്ച് വില്‍പന നടത്തുകയാണ് ഇയാളുടെ രീതി.
മുനമ്പം, പിറവം, പെരുമ്പാവൂര്‍, വെള്ളൂര്‍, മുളന്തുരുത്തി, കമ്പംമെട്ട്, മാന്നാര്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വാഹനം വാടകയ്ക്കെടുത്ത് മറിച്ചുവിറ്റതിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.