ദേവാസുരം സിനിമയിലെ പ്രശസ്തമായ വന്ദേ മുകുന്ദ ഹരേ എന്ന ഗാനം കംപോസറെക്കൊണ്ട് തന്നെ പാടിച്ച അനുഭവം പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത്.
നീലകണ്ഠനെ കാണാനെത്തുന്ന പെരിങ്ങോടന്‍ പാടുന്ന പാട്ടായാണ് വന്ദേ മുകുന്ദ ഹരേ ചിത്രീകരിച്ചിരിക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അഭിനയിച്ച് അസാധ്യമാക്കിയ ഗാനം കംപോസ് ചെയ്തതും പാടിയതും എം.ജി രാധാകൃഷ്ണനാണ്. എം.ജിയെക്കൊണ്ട് തന്നെ പാട്ട് പാടിപ്പിച്ച അനുഭവമാണ് വനിത മാഗസിനില്‍ രഞ്ജിത്ത് പറയുന്നത്.
‘ഞാന്‍ രാധാകൃഷ്ണന്‍ ചേട്ടനോട് കഥാസന്ദര്‍ഭം വിവരിച്ചു. വരികളെഴുതാന്‍ ഗിരീഷിനെ ഏല്‍പ്പിച്ചു. അയാള്‍ എഴുതി വന്ദേ മുകുന്ദ ഹരേ എന്നു തുടങ്ങുന്ന വരികള്‍. അടുത്തത് ആര് പാടുമെന്നായി ആലോചന. കംപോസിങ് സമയത്ത് തന്നെ രാധാകൃഷ്ണന്‍ ചേട്ടന്റെ ശബ്ദം കേട്ടപ്പോള്‍ തോന്നി എന്തിനാണ് പാടാന്‍ വേറെ ഗായകര്‍ എന്ന്. രാധാകൃഷ്ണന്‍ ചേട്ടന്‍ തന്നെ പാടിയാല്‍ മതിയെന്ന് തീരുമാനിച്ചു. അദ്ദേഹം ആ ഗാനം ഹൃദയത്തിലാവാഹിച്ചത് പോലെ ആലപിച്ചു,’ രഞ്ജിത്ത് പറഞ്ഞു.
ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആ കഥാപാത്രമായി വേഷമിട്ടതും ഏറെ സന്തോഷത്തോടെയായിരുന്നുവെന്നും സീന്‍ വായിച്ചു കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു.