സ്വന്തം അനുഭവത്തില്‍ സാമ്പത്തികമായോ തൊഴില്‍പരമായോ സുരക്ഷിതമായ മേഖലയല്ല സിനിമയെന്ന് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍. അനിശ്ചിതത്വമാണ് സിനിമാമേഖലയുടെ സ്ഥായിയായ അവസ്ഥയെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
‘അനിശ്ചിതത്വങ്ങളോടുള്ള നിരന്തരമായ ഏറ്റുമുട്ടലുകളാണ് സിനിമയില്‍ ഓരോ ആളെയും അതിജീവിപ്പിക്കുന്നതും തിരസ്‌കരിക്കുന്നതുമെല്ലാം. ഓരോ പടി വീതം കാലാകാലം മുകളിലേക്ക് സഞ്ചരിപ്പിക്കുന്ന ഉദ്യോഗമല്ല സിനിമ. ഒരു ജീവിതം കൊണ്ട് ബദ്ധപ്പെട്ടു കയറിയ പടികള്‍ മുഴുവനും ഒരു പരാജയം കൊണ്ട് തിരിച്ച് ഇറങ്ങി പോരേണ്ടി വരുന്ന തരത്തിലുള്ള ഒരു ഉദ്യോഗമാണ് സിനിമ.
ഈ നിശ്ചയമില്ലായ്മയെയും അതിന്റെ ഭീകരമായ സംഘര്‍ഷങ്ങളെയും അഭിമുഖീകരിക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുക. സിനിമ ഒരു മോഹവലയമാണ്,’ രണ്‍ജി പണിക്കറിന്റെ വാക്കുകള്‍.
ഏത് ഭാഷയിലായാലും എല്ലാ വര്‍ഷവും ക്ലാസിക് സിനിമകള്‍ ഉണ്ടാവണമെന്ന് പറഞ്ഞ് വാശി പിടിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും നൂറ്റാണ്ടില്‍ തന്നെ വിരലിലെണ്ണാവുന്ന ക്ലാസിക് സിനിമകളേ സംഭവിക്കൂവെന്നും രണ്‍ജി പണിക്കര്‍ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മലയാള സിനിമയില്‍ നായികാപ്രാധാന്യമുള്ള സിനിമകള്‍ കുറഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ടും രണ്‍ജി പണിക്കര്‍ സംസാരിച്ചു.
പുരുഷതാരങ്ങളെ ആശ്രയിച്ച് നിലനിന്നുപോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് സിനിമയെന്നും നായകന്‍മാര്‍ക്ക് തുല്യമായ താരപദവി സ്ത്രീകള്‍ക്കുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്നുമാണ് രണ്‍ജി പണിക്കര്‍ പറഞ്ഞത്.
‘ബോക്സോഫീസിനെ മുന്നില്‍ കണ്ടുണ്ടാക്കുന്ന സിനിമകളില്‍ താരപദവി ഒരു വലിയ മാര്‍ക്കറ്റിംഗ് ഘടകമാണ്. നായകന്‍മാരുടെ താരപദവിയും കച്ചവടസാധ്യതകളുമാണ് ഒരു വലിയ പരിധിവരെ സിനിമയുടെ തിയേറ്റര്‍ വിജയത്തെയും മറ്റു മേഖലകളിലുള്ള വില്‍പ്പനയേയും സഹായിക്കുന്നത്.
നായകനന്മാര്‍ക്ക് തുല്യമായ താരപദവി സ്ത്രീതാരങ്ങള്‍ക്ക് ഉണ്ടോ എന്നത് ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട ചോദ്യമാണ്. പുരുഷതാരങ്ങളെ ആശ്രയിച്ച് നിലനിന്നുപോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് സിനിമ. അങ്ങനെയൊരു ട്രാക്കിലാണ് സിനിമ പൊതുവെ സഞ്ചരിച്ച് പോരുന്നത്. അതുകൊണ്ടാവാം നായകപ്രാധാന്യമുള്ള സിനിമകള്‍ എണ്ണത്തില്‍ കൂടുതല്‍ ആവുന്നത്,’ അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.