Entertainment
മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിച്ചു; ഇപ്പോള്‍ മലയാളത്തില്‍ നിന്നുള്ള നല്ല സിനിമകള്‍ക്കായി കാത്തിരിക്കുന്നു: റെജീന കസാന്‍ഡ്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 20, 06:13 am
Monday, 20th January 2025, 11:43 am

തമിഴ്, തെലുങ്ക് സിനിമകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് റെജീന കസാന്‍ഡ്ര. 2005ല്‍ പുറത്തിറങ്ങിയ കണ്ട നാള്‍ മുതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

2020ല്‍ സിദ്ദീഖ് രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ ബിഗ് ബ്രദര്‍ എന്ന മലയാള സിനിമയിലും നടി അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായത്.

ഇപ്പോള്‍ തമിഴ് – മലയാളം സിനിമകളെ കുറിച്ച് പറയുകയാണ് റെജീന. തമിഴില്‍ അഭിനയിക്കാന്‍ വളരെയധികം ഇഷ്ടമുണ്ടെന്നും തന്റെ സിനിമകള്‍ വരുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുമെന്നും നടി പറയുന്നു.

സിദ്ദീഖ് സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ താന്‍ അഭിനയിച്ചിരുന്നെന്നും ഇപ്പോള്‍ മലയാളത്തില്‍ നിന്നും നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും റെജീന പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റെജീന കസാന്‍ഡ്ര.

‘തെലുങ്കില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. ഹൈദരാബാദില്‍ തന്നെ താമസിച്ച് അഭിനയിക്കുന്നത് കൊണ്ട് എനിക്ക് തമിഴില്‍ അഭിനയിക്കാന്‍ സമയം കിട്ടുന്നില്ല. അല്ലാതെ അവസരം ഇല്ലാഞ്ഞിട്ടോ അഭിനയിക്കാന്‍ ഇഷ്ടമില്ലാത്തതോ അല്ല തമിഴില്‍ സിനിമകള്‍ കുറയുന്നതിന് കാരണം.

തമിഴില്‍ അഭിനയിക്കാന്‍ വളരെയധികം ഇഷ്ടമുണ്ട്. ഞാനൊരു ചെന്നൈ പെണ്‍കുട്ടിയല്ലേ? എന്റെ സിനിമകള്‍ വരുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നും. തെലുങ്കില്‍ ബിസിയാണ് എന്നത് വാസ്തവം തന്നെയാണ്. എന്നാല്‍ തമിഴില്‍ നിന്നും നല്ല കഥയ്ക്കും പുതിയ കഥാപാത്രങ്ങള്‍ക്കും വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.

അതിനിടയില്‍ ഞാന്‍ മലയാളത്തില്‍ സിദ്ദീഖ് സാര്‍ സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിച്ചിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ നിന്നും നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഞാന്‍,’ റെജീന കസാന്‍ഡ്ര പറയുന്നു.

Content Highlight: Regina Cassandra Talks About Malayalam Cinema And Mohanlal’s Big Brother Movie