ന്യൂദല്‍ഹി: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ക്യാബിനറ്റില്‍ ശുപാര്‍ശ. വിദ്യഭ്യാസം, തൊഴില്‍ തുടങ്ങിയവയിലുള്ള സംവരണാനുകൂല്യത്തിനായിട്ടാണ് ഒ.ബി.സി വിഭാഗത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനെ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ലഭിച്ചത്.
ട്രാന്‍സ്ജന്‍ഡേഴ്സിന് സാമൂഹ്യ വിദ്യാഭ്യാസ പരിഗണന നല്‍കണമെന്ന് സാമൂഹ്യ ക്ഷേമ മന്ത്രാലയം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ ഒരു ലിംഗവിഭാഗമായി കണക്കാക്കണമെന്നും അവരെ ‘സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍’ ആയി പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു നിയമനങ്ങളിലും സംവരണ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ഒരു വര്‍ഷം നീണ്ടുനിന്ന പ്രീലെജിസ്ലേറ്റീവ് നടപടികള്‍ക്ക് പിന്നാലെയാണ് ഇത്തരം ഒരു ശുപാര്‍ശ കേന്ദ്രത്തിന് മുന്നില്‍ വച്ചത്. വിവിധ മന്ത്രാലയങ്ങള്‍, ദേശീയ പിന്നാക്ക ജാതി കമ്മീഷന്‍ എന്നിവയുമായുള്‍പ്പെടെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ദേശം.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിനായി ഒ.ബി.സി പട്ടികയില്‍ ഭേദഗതി വരുത്താനാണ് ക്യാബിനറ്റ് തീരുമാനം. ഇതിനുപുറമെ, 25 ജാതികള്‍ കൂടി കേന്ദ്ര ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താനായി ശുപാര്‍ശ സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടുണ്ട്.
അതേസമയം ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ഭേദഗതി രാഷ്ട്രപതി ഒപ്പുവെക്കണം. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമാണ്.
2022 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനം നടപ്പിലാകാന്‍ സാധ്യതയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.