ഖത്തര്‍ ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമ പരിക്കിനെ തുടര്‍ന്ന് പുറത്തായത്. ലോകകപ്പ് കളിക്കാനില്ലെന്ന് താരം തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.
എന്നാല്‍ താരം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പരിക്കില്‍ നിന്ന് മോചിതനായെന്നും ലോകകപ്പിലെ തുടര്‍ മത്സരങ്ങളില്‍ ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ചേരുമെന്നുമാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ആരാധകര്‍ പ്രതീക്ഷയോടെ നോക്കിയിരുന്നെങ്കിലും ബെന്‍സെമ ടീമില്‍ തിരിച്ചെത്തിയിരുന്നില്ല. ലോകകപ്പ് കഴിഞ്ഞയുടന്‍ താരം ഫ്രഞ്ച് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയായിരുന്നു.
നിലവില്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് ബെന്‍സെമ ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ സീണില്‍ അസാധാരണ പ്രകടം കാഴ്ച താരം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. റയലിനായി ചാമ്പ്യന്‍സ് ലീഗും ലാലിഗ കിരീടവും നേടിക്കൊടുക്കാന്‍ താരത്തിനായിരുന്നു.
എന്നാല്‍ ഈ സീസണില്‍ പരിക്ക് മൂലം പല മത്സരങ്ങളും കളിക്കാന്‍ ബെന്‍സെമക്ക് സാധിച്ചിരുന്നില്ല. താരത്തിന്റെ പ്രായവും പരിഗണിക്കേണ്ടതിനാല്‍ ബെന്‍സെമക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് റയല്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
നിലവില്‍ ടോട്ടന്‍ഹാമിന് വേണ്ടി ബൂട്ടുകെട്ടുന്ന ഇംഗ്ലീഷ് സൂപ്പര്‍താരമായ ഹാരി കെയ്‌നിനെ ബെന്‍സെമയുടെ പകരക്കാരനായി ടീമിലെത്തിക്കാന്‍ റയല്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2024നാണ് സ്പഴ്‌സുമായുള്ള കെയ്‌നിന്റെ കരാര്‍ അവസാനിക്കുക. അടുത്ത് സമ്മര്‍ സീസണില്‍ താരത്തെ സൈന്‍ ചെയ്യിക്കാനാണ് റയലിന്റെ തീരുമാനം.
എന്നാല്‍ ടോട്ടന്‍ഹാമിന് കെയ്‌നിനെ നിലനിര്‍ത്താനാണ് താത്പര്യം എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറാന്‍ കെയ്ന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും സ്പഴ്‌സ് സമ്മതിച്ചിരുന്നില്ല.