പത്തായി ചുരുങ്ങി, 16ാം സ്ഥാനക്കാരോട് രക്ഷപ്പെട്ടത് അവസാന നിമിഷം; ഞെട്ടിച്ച ജിറോണയെ വെട്ടി ഒന്നാമത്
Sports News
പത്തായി ചുരുങ്ങി, 16ാം സ്ഥാനക്കാരോട് രക്ഷപ്പെട്ടത് അവസാന നിമിഷം; ഞെട്ടിച്ച ജിറോണയെ വെട്ടി ഒന്നാമത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd December 2023, 10:10 am

ലാലിയില്‍ ഡിപ്പോര്‍ട്ടിവോ അലാവസിനെ തോല്‍പിച്ച് റയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. അലാവസിന്റെ ഹോം ഗ്രൗണ്ടായ മെന്‍ഡിസോറോസയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ വിജയിച്ചത്. ഇതോടെ 45 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ലോസ് ബ്ലാങ്കോസിനായി.

മത്സരത്തിന്റെ സിംഹഭാഗവും കയ്യടക്കിവെച്ചിട്ടും ആഡ് ഓണ്‍ ടൈമില്‍ മാത്രമാണ് റയലിന് ഗോള്‍ കണ്ടെത്താന്‍ സാധിച്ചത്. 90+2 മിനിട്ടിലാണ് റയല്‍ മത്സരത്തിലെ ഏക ഗോള്‍ കണ്ടെത്തിയത്. ലൂകാസ് വാസ്‌ക്വസാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്കായി വിജയ ഗോള്‍ കണ്ടെത്തിയത്.

4-3-1-2 എന്ന ഫോര്‍മേഷനിലാണ് കാര്‍ലോ ആന്‍സലോട്ടി തന്റെ കുട്ടികളെ കളത്തിലിറക്കിയത്. അതേസമയം, അലാവസാകട്ടെ 4-2-3-1 എന്ന രീതിയും അവലംബിച്ചു.

പന്ത് കൈവശം വെക്കുന്നതിലും പാസുകളിലും പാസ് ആക്യുറസിയിലും ഷോട്ടുകളിലും ഓണ്‍ ടാര്‍ഗെറ്റിലുമെല്ലാം മുന്നിട്ടുനിന്നെങ്കിലും റയലിനെ ഗോള്‍ കണ്ടെത്താന്‍ മാത്രം അലാവസ് അനുവദിച്ചില്ല. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോളടിക്കാതെ ഇരുവരും തുല്യത പാലിച്ചപ്പോള്‍ അധിക സമയത്ത് റയല്‍ സ്‌കോര്‍ ചെയ്തു.

രണ്ടാം പകുതിയാരംഭിച്ച് ഒമ്പതാം മിനിട്ടില്‍ റയലിന് തിരിച്ചടിയേറ്റു. ചുവപ്പുകാര്‍ഡ് കണ്ട് നാച്ചോ പുറത്തുപോയതോടെ റയല്‍ പത്ത് പേരായി ചുരുങ്ങിയിരുന്നു. എന്നാല്‍ ആ അഡ്വാന്റേജ് മുതലാക്കാന്‍ ഹോം ടീമിന് സാധിച്ചിരുന്നില്ല.

ഇരുടീമുകളും ഗോള്‍മുഖങ്ങളിലേക്ക് ആക്രമണമഴിച്ചുവിട്ടെങ്കിലും സ്‌കോര്‍ ചെയ്യാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

നിശ്ചിത സമയത്തിന് ശേഷം, ആഡ് ഓണ്‍ സമയത്ത് റയല്‍ എതിരാളികളുടെ വലകുലുക്കി. ക്രൂസെടുത്ത കോര്‍ണറില്‍ കൃത്യമായി തലവെച്ച വാസ്‌ക്വെസ് റയലിനെ മുമ്പിലെത്തിച്ചു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒറ്റ ഗോളിന്റെ കരുത്തില്‍ റയല്‍ ജയിച്ചുകയറി.

കഴിഞ്ഞ ദിവസം റയല്‍ ബെറ്റിസിനോട് ജിറോണ സമനില വഴങ്ങിയപ്പോള്‍ ഗോള്‍ വ്യത്യാസത്തിലാണ് റയല്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ഇരുവര്‍ക്കും 18 മത്സരത്തില്‍ നിന്നും 45 പോയിന്റാണ് ഉള്ളത്.

ലാ ലിഗയില്‍ ജനുവരി മൂന്നിനാണ് റയലിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കുന്ന മല്ലോര്‍ക്കയാണ് എതിരാളികള്‍. തൊട്ടടുത്ത ദിവസം ജിറോണ അത്‌ലറ്റിക്കോ മാഡ്രിഡിനെയും നേരിടും. ജിറോണയുടെ ഹോം സ്‌റ്റേഡിയമായ എസ്റ്റാഡി മോണ്‍ടിവിലിയാണ് വേദി.

 

Content highlight: Real Madrid beat Deportivo Alaves