ന്യൂദല്‍ഹി: കരുതല്‍ ധനശേഖരത്തില്‍നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് നല്‍കാന്‍ ആര്‍.ബി.ഐ തീരുമാനം. 2018-19 കാലത്തെ അധികവരുമാനമായ 1.23 ലക്ഷം കോടി രൂപയും പരിഷ്‌കരിച്ച എക്കണോമിക് ക്യാപിറ്റല്‍ ഫ്രെയിംവര്‍ക്ക് (ഇ സി എഫ്) പ്രകാരം 52,637 കോടിരൂപയുമാണ് നല്‍കുക.
മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ബിമല്‍ ജലാന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ തോത് നിര്‍ണയിക്കാനായി ആറംഗ പാനലിലെ കഴിഞ്ഞ ഡിസംബറിലായിരുന്നു നിയമിച്ചത്.
ആര്‍.ബി.ഐയുടെ പക്കല്‍ ഒന്‍പതുലക്ഷം കോടി രൂപയുടെ കരുതല്‍ ധനം ഉണ്ടെന്നാണ് കണക്കുകള്‍. റിസര്‍വ് ബാങ്കിന്റെ നീക്കിയിരിപ്പ് സര്‍ക്കാരിന് ഘട്ടം ഘട്ടമായി കൈമാറണമെന്നായിരുന്നു ബിമല്‍ ജലാന്‍ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധനമായി എഴുപതിനായിരം കോടി രൂപ ലഭ്യമാക്കുമെന്ന് വെള്ളിയാഴ്ച ധനമന്ത്രി നിര്‍മലാസീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിസര്‍വ് ബാങ്കിന്റെ നടപടി.