സര്‍ക്കാരിന്റെ മറ്റൊരു അടവ്; എ.ഡി.ജി.പിക്കെതിരായ തീരുമാനം നടപടിയല്ലെന്ന് രമേശ് ചെന്നിത്തല
Kerala News
സര്‍ക്കാരിന്റെ മറ്റൊരു അടവ്; എ.ഡി.ജി.പിക്കെതിരായ തീരുമാനം നടപടിയല്ലെന്ന് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th October 2024, 10:11 pm

ഹരിപ്പാട്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരായ നടപടിയില്‍ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.എൽ.എയുമായ രമേശ് ചെന്നിത്തല.

എ.ഡി.ജി.പിക്കെതിരായ നടപടി വെറും സ്ഥലമാറ്റം മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥലമാറ്റം ഒരു ശിക്ഷയല്ലെന്നും എ.ഡി.ജി.പിക്കെതിരെ കൃത്യമായ നടപടിയെടുത്തിട്ടില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

എ.ഡി.ജി.പിയുടെ കൈവശമുണ്ടായിരുന്ന ഒരു വകുപ്പില്‍ നിന്ന് അദ്ദേഹത്തെ മാറ്റുകയും മറ്റൊന്നില്‍ നിലനിര്‍ത്തുകയുമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, തൃശൂര്‍ പൂരം കലക്കിയത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും എ.ഡി.ജി.പിക്കെതിരെ ഒരു നടപടിയും എടുത്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ നീക്കത്തെ ഗൗരവമായി കാണുന്നില്ലെന്നും ഇതൊരു അടവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ശക്തമായി സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തും എന്നതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ നേതൃത്വം തയ്യാറായതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയുടെ ഭരണസൗകര്യത്തിനായി എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷത്തിനിടയിലെ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരായ രണ്ടാമത്തെ നടപടിയാണിത്. നേരത്തെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ നീക്കിയിരുന്നു. സര്‍വീസ് ചട്ടപ്രകാരം നിലവിലെ തീരുമാനം എ.ഡി.ജി.പിക്കെതിരായ നടപടിയല്ല. കൈവശമുണ്ടായിരുന്ന മറ്റൊരു വകുപ്പായ ബറ്റാലിയന്‍ എ.ഡി.ജി.പി സ്ഥാനത്തേക്ക് ഒതുക്കിയാണ് അജിത് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്.

ആര്‍.എസ്.എസ് നേതാക്കളായ ദത്താത്രേയ ഹൊസബല്ല, റാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതില്‍ നടന്ന അന്വേഷണത്തിലാണ് എ.ഡി.ജി.പിയെ സ്ഥലം മാറ്റിയിരിക്കുന്നത്. അജിത് കുമാറിന് പകരം ക്രമസമാധാന ചുമതലയിലേക്ക് എ.ഡി.ജി.പി മനോജ് എബ്രഹാമിനെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ അടുത്ത മൂന്ന് മാസത്തിന് ശേഷം മനോജ് എബ്രഹാമിന് ഡി.ജി.പി സ്ഥാനത്തേക്ക് കയറ്റം ലഭിക്കും. തുടര്‍ന്ന് മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല വഹിക്കാനാകില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് ഡി.ജി.പിയായി സ്ഥാനംകയറ്റം ലഭിച്ചാല്‍ ചുമതലകളില്‍ വീണ്ടും മാറ്റമുണ്ടാകും.

Content Highlight: Ramesh Chennithala that the decision against ADGP is not action