തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ ഇടതുപക്ഷം മത്സരിക്കരുതെന്ന് പറയാനുള്ള ധാര്‍മികത തങ്ങള്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിമാര്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സ്ഥാനാര്‍ത്ഥിയെ കൂട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണത്തോട് യോജിപ്പില്ല. അങ്ങനെ പറയാനുള്ള ധാര്‍മികത ഞങ്ങള്‍ക്കില്ല. ഇടതുപക്ഷ നേതാക്കന്‍മാര്‍ മരിക്കുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇത് രാഷ്ട്രീയ മത്സരമല്ലേ, വ്യക്തിപരമല്ലല്ലോ.
ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെകുറിച്ച് പറയേണ്ട സമയമല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ഉമ്മന്‍ചാണ്ടി മരിച്ചു, പിറ്റേന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കഴിയുമോ,’ ചെന്നിത്തല പറഞ്ഞു.
തന്റെ പ്രവര്‍ത്തനമേഖല കേരളമായിട്ട് കാലംകുറേയായെന്നും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ചെന്നിത്തല അറിയിച്ചു.
‘ലോക്‌സഭ തെരഞ്ഞെടുപ്പ് ആയാല്‍ ആരൊക്കെ മത്സരിക്കണമെന്നത് പാര്‍ട്ടി തീരുമാനിക്കും. എന്നെ സബന്ധിച്ച് എം.എല്‍.എ ആയിരിക്കുന്ന ഒരാള്‍ എം.പിയായാല്‍ അവിടെ ഉപതെരഞ്ഞെടുപ്പ് വരും. എന്റെ പ്രവര്‍ത്തനമേഖല കേരളമായിട്ട് കാലംകുറേയായി. പിന്നെ പാര്‍ട്ടിയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുക. ഞാനെന്നും പാര്‍ട്ടിക്ക് വിധേയനാണ്,’ രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷനേതാവാകാന്‍ മത്സരമില്ലെന്നും വി.ഡി. സതീശന് തന്റെ പരിപൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു
‘സതീശന്‍ തന്നെയാണ് പ്രതിപക്ഷനേതാവ്. സതീശന്‍ അനിയനാണ്. സതീശന് പൂര്‍ണ്ണ പിന്തുണയുണ്ട്. നാളെയും പിന്തുണ നല്‍കും. പക്ഷേ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ എന്റെ കടമയാണ് ഇത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരികയെന്നത്,’ ചെന്നിത്തല പറഞ്ഞു.