Advertisement
Entertainment news
ഞങ്ങള്‍ അനാഥരാണ്, രാമസിംഹന്റെ സിനിമക്ക് പോലും അനുമതിയില്ല; കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനോട് ടി.ജി. മോഹന്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 11, 02:08 pm
Friday, 11th November 2022, 7:38 pm

സംവിധായകന്‍ അലി അക്ബര്‍ എന്ന രാമസിംഹന്‍ അബൂബക്കര്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് താക്കൂര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടി.ജി. മോഹന്‍ദാസ് ട്വീറ്റ് ചെയ്തു.

‘1921ലെ ഹിന്ദു വംശഹത്യ ആധാരമാക്കിയ പുഴ മുതല്‍ പുഴ വരെ എന്ന മലയാള സിനിമക്ക് കേന്ദ്ര സെസര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടിയാണ് കേരളത്തില്‍നിന്നുള്ള ഞങ്ങള്‍ ഈ ട്വീറ്റ് ചെയ്യുന്നത്.

ഞങ്ങളുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. പാവം നിര്‍മാതാവ് രാമസിംഹന്‍ ഇപ്പോള്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഞങ്ങള്‍ അനാഥരാണെന്നത് സങ്കടത്തോടെ ഉള്‍ക്കൊള്ളുന്നു,’ എന്നാണ് അനുരാഗ് താക്കൂറിനെ അഭിസംബോധന ചെയ്തുകൊണ്ട് ട്വീറ്റില്‍ ടി.ജി മോഹന്‍ദാസ് കുറിച്ചത്.

കേന്ദ്ര സഹമന്ത്രി വി. മുരളീധരനെയും, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും അഭിസംബോധന ചെയ്തുകൊണ്ടും ടി.ജി മോഹന്‍ദാസ് ട്വിറ്ററില്‍ പിന്തുണ തേടി.

‘പുഴ മുതല്‍ പുഴ വരെ’ സിനിമ റിലീസിന് അനുവധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിക്ക് പിന്തുണ നല്‍കണമെന്നും, 1921ലെ ഹിന്ദു വംശഹത്യയുടെ സത്യം പുറത്തുകൊണ്ടുവരാന്‍ സഹകരിക്കണമെന്നുമാണ് ടി.ജി. മോഹന്‍ദാസ് വെള്ളിയാഴ്ച ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം, രാമസിംഹന്‍ തന്റെ സിനിമയുമായി ഹൈക്കോടതിയില്‍ എത്തിയെന്നും, പക്ഷേ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ റീജിയണല്‍ ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്നും ടി.ജി. മോഹന്‍ദാസ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് കുറിപ്പില്‍ ആരോപിച്ചിരുന്നു.

‘ഒടുവില്‍ രാമസിംഹന്‍ തന്റെ സിനിമയുമായി ഹൈക്കോടതിയില്‍ എത്തി എന്ന് അറിയുന്നു. പക്ഷേ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ റീജിയണല്‍ ഓഫീസര്‍ പാര്‍വതി ആണെങ്കില്‍ ദൈവത്താണേ രാമസിംഹന് നീതി ലഭിക്കുകയില്ല.
ഹൈക്കോടതി വിധി എതിരായാല്‍ പോലും അത് മറികടക്കാന്‍ പാര്‍വതിക്ക് കഴിയും.
എന്നാലും എത്ര വലിയ ഹിന്ദു വിരുദ്ധത എത്ര വലിയ ദുസ്സാമര്‍ഥ്യം പാര്‍വതിക്ക്, ചരിത്രത്തോട് എത്ര വലിയ പുച്ഛം.. കഷ്ടം,’ എന്നാണ് ടി.ജി. മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

സിനിമയില്‍ നിന്ന് ചില സീനുകള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിന് എതിരെയും നേരത്തേ ടി.ജി മോഹന്‍ദാസ് രംഗത്തെത്തിയിരുന്നു. രാമസിംഹന്‍ തെരുവില്‍ അലയുകയാണ് എന്ന് പറഞ്ഞാണ് അന്ന് മോഹന്‍ദാസ് ട്വിറ്ററില്‍ കുറിപ്പ് പങ്കുവെച്ചത്.

സിനിമയില്‍ ചില വെട്ടിനിരത്തലുകള്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്ന ആരോപണവുമായി ടി.ജി മോഹന്‍ദാസ് നേരത്തേ രംഗത്തുവന്നിരുന്നു. രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചുവെന്നും മോഹന്‍ദാസ് കുറിച്ചു. രംഗങ്ങള്‍ വെട്ടിമാറ്റിയതിന് ശേഷം സിനിമ മോശമായാല്‍ എല്ലാവരും രാമസിംഹനെ പഴിക്കുമെന്നും സിനിമയില്‍ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല, മറിച്ച് ഒ.എന്‍.വി എഴുതിയത് പോലെ വറ്റിയ പുഴ മാത്രമേ കാണുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Ramasimhan’s Film is not Allowed to Release by Censor Board, We Are Orphans Says RSS Spokesperson TG Mohandas