Advertisement
Ayodhya
'അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും': യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മഹന്ത് സുരേഷ് ദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 07, 10:59 am
Thursday, 7th June 2018, 4:29 pm

ലഖ്നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പുനല്‍കിയതായി മഹന്ത് സുരേഷ് ദാസ്. മുഖ്യമന്ത്രിയെ ഇന്നു സന്ദര്‍ശിച്ച ഹൈന്ദവ പുരോഹിതന്മാരുടെ സംഘത്തിലെ അംഗമായ സുരേഷ് ദാസ് കൂടിക്കാഴ്ചയ്ക്കു ശേഷം ലഖ്നൗവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

“രാമക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. എത്രയും പെട്ടന്ന് നിര്‍മാണപ്രവര്‍ത്തികളാരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.” സുരേഷ് ദാസ് പറഞ്ഞു. അയോദ്ധ്യയിലേയും ഫൈസാബാദിലേയും വികസന പദ്ധതികളെല്ലാം കൃത്യമായി നടത്തുമെന്നും ആദിത്യനാഥ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സുരേഷ് ദാസ് അറിയിച്ചു.


Read Also : മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായേക്കാമെന്ന് റിപ്പോര്‍ട്ട്; പൃഥിരാജിനും രമ്യാനമ്പീശനുമെതിരെ നടപടിയെടുത്തേയ്ക്കുമെന്നും സൂചന


 

ഫൈസാബാദിലൂടെ ഒഴുകുന്ന ഗാഗ്ര നദിക്ക് സരയൂ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും മന്ത്രിയോടാവശ്യപ്പെട്ടിട്ടുണ്ട്. രാമക്ഷേത്രം നിര്‍മിക്കുന്നതിനെക്കുറിച്ച് ബി.ജെ.പി സര്‍ക്കാര്‍ ഗൗരവമായിത്തന്നെ ചിന്തിക്കേണ്ടതുണ്ടെന്നും, അല്ലാത്തപക്ഷം അതിന്റെ പ്രത്യാഘാതം 2019ലെ തെരഞ്ഞെടുപ്പില്‍ കാണേണ്ടിവരുമെന്നും കൂടിക്കാഴ്ചയ്ക്കു മുന്‍പ് ദാസ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിധി തീര്‍പ്പാക്കാന്‍ സുപ്രീം കോടതിക്ക് വര്‍ഷങ്ങളെടുക്കുമെന്നും, അതിനാല്‍ ഈ വിഷയത്തില്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്നും ഇദ്ദേഹം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. ദാസ് അടക്കമുള്ളവര്‍ക്ക് വിഷയത്തിലുള്ള അതൃപ്തി കണക്കിലെടുത്ത് ബി.ജെ.പി. എം.എല്‍.എ വേദപ്രകാശും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

അയോദ്ധ്യ-ബാബറി മസ്ജിദ് കേസ് സുപ്രീം കോടതി മേയ് 17ന് അവധിക്കുവെച്ചിരുന്നു. വേനലവധിക്കു ശേഷം കേസില്‍ വീണ്ടും വാദം കേള്‍ക്കും.