Advertisement
Malayalam Cinema
'ഇന്റിമേറ്റ് രംഗങ്ങള്‍ കഥാപാത്രത്തിന്റെ അനിവാര്യതയാണ്, ഇപ്പോഴും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നില്ല'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 17, 01:30 pm
Tuesday, 17th October 2023, 7:00 pm

ആദ്യ സിനിമയായ അനുരാഗ കരിക്കിന്‍ വെള്ളത്തിലെ പ്രകടനത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയെടുത്ത താരമാണ് രജിഷ വിജയന്‍. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാന്‍ രജിഷക്ക്
കഴിഞ്ഞു.

തമിഴിലും മലയാളത്തിലുമെല്ലാം നിരവധി ചിത്രങ്ങളില്‍ സജീവമാണെങ്കിലും സോഷ്യല്‍ മീഡിയകളില്‍ താന്‍ ഒട്ടും ആക്റ്റീവ് അല്ലായെന്നാണ് രജിഷ വിജയന്‍ പറയുന്നത്.

‘നമ്മുടെ നല്ല നേരങ്ങള്‍ അത് അപഹരിച്ചെടുക്കും എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടും ആക്റ്റീവ് അല്ലാത്തത്,’ രജിഷ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഞാന്‍ വാട്‌സ് ആപ്പ് ഇല്ലാത്ത ഫോണാണ് ഉപയോഗിക്കുന്നത് എന്ന് കേട്ടാല്‍ എല്ലാവര്‍ക്കും കൗതുകം തോന്നാറുണ്ട്. സത്യത്തില്‍ ഞാന്‍ അത് ഒരുപാട് ആസ്വദിക്കുന്നുണ്ട്. നമ്മുടെ ലോകം ഇന്ന് ഒരു ഡിജിറ്റല്‍ വേള്‍ഡാണ്.

ഈ ഡിജിറ്റല്‍ ലോകത്ത് ജീവിക്കുമ്പോള്‍ യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടമാകുമെന്ന് എനിക്ക് ഭയമുണ്ട്. ഈ ലോകം തീര്‍ത്തും വ്യത്യസ്തമാണ്. ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത ഒരു ഡിജിറ്റല്‍ ലോകമായി ഇത് മാറിയിട്ടുണ്ട്.

നമുക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള വിലയേറിയ സമയമാണ് നഷ്ടമാവുന്നത്. നല്ല നിമിഷങ്ങള്‍ക്കായി മാറ്റി വെക്കേണ്ട ജീവിതത്തിലെ നേരങ്ങള്‍ അത് അപഹരിച്ചെടുക്കും എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടും ആക്റ്റീവ് അല്ലാത്തത്. ഡിജിറ്റല്‍ ലോകത്ത് നിന്ന് മാറി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതു വരെ അതിന്റെ പേരില്‍ എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല.

സിനിമക്ക് വേണ്ടി ചെയ്ത ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമായതിനെ കുറിച്ചൊന്നും എനിക്കൊന്നും പറയാനില്ല. സിനിമയിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി അങ്ങനെ ചെയ്യേണ്ടി വരും.

അത്തരത്തിലുള്ള ഓണ്‍ലൈന്‍ ആഘോഷങ്ങളൊന്നും എനിക്ക് കാണാന്‍ ആഗ്രഹമില്ല. അതൊന്നും എന്നിലെ നടിയെ ഒട്ടും ബാധിക്കുന്ന കാര്യമല്ല,’ രജിഷ പറയുന്നു.

 

Content Highlight : Rajisha Vijayan Talk About Why She Do Not Active In Social Media