വിജയ് യെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബീസ്റ്റ്. വലിയ ഹൈപ്പില്‍ റിലീസ് ചെയ്ത ചിത്രം തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് നിരാശയായിരുന്നു സമ്മാനിച്ചത്.
ഇപ്പോഴിതാ ബീസ്റ്റിന്റെ പരാജയത്തിന്റെ സമയത്ത് തന്നോട് കുറെ പേര്‍ നെല്‍സണെ ജയ്‌ലറിന്റെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അവശ്യപ്പെട്ടു എന്ന് വെളിപ്പെടുത്തുകയാണ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്.
ജയ്‌ലറിന്റെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ സംസാരിക്കുന്നതിനിടയാണ് രജിനി ഇക്കാര്യം പറഞ്ഞത്.
‘ജയ്‌ലറിനായി ഞങ്ങള്‍ ഒരു പ്രൊമോ ഷൂട്ട് ചെയ്ത് പുറത്ത് ഇറക്കിയിരുന്നു, അതിന് ശേഷമാണ് നെല്‍സണ്‍ വിജയ് ചിത്രം ബീസ്റ്റ് റിലീസ് ചെയ്തത്. പക്ഷെ ചിത്രം വിചാരിച്ച അത്രയും നന്നായി പോയില്ല, വിതരണക്കാരുള്‍പ്പടെയുള്ള പലരില്‍ നിന്നും നെല്‍സണെ സംവിധായക സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കോളുകള്‍ ലഭിച്ചു’, രജിനി പറയുന്നു.
ഇത്തരത്തില്‍ നിരവധി കോളുകള്‍ ലഭിച്ചപ്പോള്‍ ചിത്രം നിര്‍മിക്കുന്ന സണ്‍ പിക്ചേഴ്സുമായി ചര്‍ച്ചകള്‍ നടത്തിയെന്നും എന്നാല്‍ ബീസ്റ്റിന് പ്രേക്ഷക അഭിപ്രായങ്ങള്‍ മോശം ആണെങ്കിലും സിനിമ നന്നായി തന്നെയാണ് ബോക്‌സ് ഓഫീസില്‍ പ്രകടനം കാഴ്ച്ച വെക്കുന്നതെന്നാണ് അവര്‍ പറഞ്ഞതെന്നും രജിനി പറയുന്നു.
‘നിരവധി കോളുകള്‍ ലഭിച്ചപ്പോള്‍ ഞങ്ങള്‍ സണ്‍ പിക്ചേഴ്സുമായി ചര്‍ച്ചകള്‍ നടത്തി, അവര്‍ എന്നോട് പറഞ്ഞത് ബീസ്റ്റിന് മോശം അഭിപ്രായങ്ങള്‍ ആണെന്ന് ഉള്ളത് ശരിയാണ് സാര്‍, പക്ഷെ സിനിമ നന്നായി തന്നെ ബോക്‌സ് ഓഫീസില്‍ പെര്‍ഫോമന്‍സ് നടത്തുന്നുണ്ട് എന്നാണ്,’ രജിനി കൂട്ടിച്ചേര്‍ത്തു.
അതേസമയം രജിനിയുടെ 169ാമത്തെ ചിത്രമാണ് ജയ്‌ലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയ്‌ലറുടെ വേഷത്തിലാണ് രജിനി ചിത്രത്തില്‍ എത്തുന്നത്.
സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തിയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.
തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയ്‌ലര്‍.
സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍, വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഓഗസ്റ്റ് പത്തിനാണ് ചിത്രം റിലീസിനെത്തുന്നത്, രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി.ആര്‍.ഒ ശബരി.