Advertisement
national news
'സൈന്യം പൂർണ്ണമായും മോദിക്കും ബി.ജെ.പിക്കും ഒപ്പമാണ്': കേന്ദ്രമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 02, 03:02 pm
Thursday, 2nd May 2019, 8:32 pm

ജയ്പ്പൂർ: രാജ്യത്തെ മുഴുവൻ സൈന്യവും മോദിക്കും ബി.ജെ.പിക്കുമൊപ്പമെന്ന് കേന്ദ്ര കായിക മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ്. ബി.ജെ.പി നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സൈന്യത്തെ ഉപയോഗിക്കുന്ന പ്രവണത വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. സൈന്യം മോദിക്കും ബി.ജെ.പിക്കും ഒപ്പം നിൽക്കുകയാണെന്നും യാതൊരു ലാഭവും മുന്നിൽ കണ്ടല്ല അവർ അങ്ങനെ ചെയ്യുന്നതെന്നും അവരുടെ അവസ്ഥ തനിക്ക് അറിയാവുന്നതാണെന്നുമായിരുന്നു റാത്തോഡ് പറഞ്ഞത്.

യു.പി.എ ഭരണകാലത്ത് ആറ് സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയിട്ടുണ്ടെന്നുള്ള കോൺഗ്രസിന്റെ അവകാശവാദം തെറ്റാണെന്നും റാത്തോഡ് പറഞ്ഞു. ഇതൊന്നും അവർ പരസ്യമാക്കേണ്ട കാര്യമില്ലെന്നും താൻ സൈന്യത്തിൽ പ്രവർത്തിച്ചിട്ടുള്ള ആളാണെന്നും അവിടെ എന്ത് നടന്നിട്ടുണ്ടെന്നും ഇല്ലെന്നും തനിക്കറിയാവുന്നതാണെന്നും റാത്തോഡ് ചൂണ്ടിക്കാട്ടി. സൈന്യത്തിൽ കേണൽ പദവിയിൽ റാത്തോർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന യു.പി.എ കാലത്ത് രാജ്യത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ ഒരു പ്രധാന പ്രശ്‌നമായി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഈ വധവുമായി രംഗത്തെത്തിയത്. അധികാരത്തിലിരിക്കുന്ന സമയത്ത് നടത്തിയ ഓരോ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും ചിത്രവും പാര്‍ട്ടി പുറത്തു വിട്ടിരുന്നു.

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഒന്നിലധികം സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് കോണ്‍ഗ്രസും ഇതേ കാര്യം ഉന്നയിച്ചുകൊണ്ട് മുൻപോട്ടുവന്നത്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഒന്നിലധികം സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ തന്റെ സര്‍ക്കാര്‍ വോട്ടു നേടാനായി ഇതിനെ ഉപയോഗിച്ചില്ലെന്നുമായിരുന്നു മന്‍മോഹന്‍സിങിന്റെ പ്രസ്താവന. രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തിലാണ് മുന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന