Advertisement
Entertainment
മമ്മൂക്കയെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ ചോദിച്ച കാര്യമതായിരുന്നു, ഒരു ആക്ടര്‍ എന്ന നിലയില്‍ എനിക്ക് അത് അറിയണമായിരുന്നു: രാജ്.ബി ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 16, 12:36 pm
Thursday, 16th May 2024, 6:06 pm

ടര്‍ബോയുടെ സെറ്റില്‍ മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് കന്നഡ താരം രാജ്.ബി ഷെട്ടി. മമ്മൂട്ടിയുടെ സ്‌ക്രിപ്റ്റ് സെലക്ഷനെപ്പറ്റി അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ചോദിക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നുവെന്നും, സെറ്റില്‍ വെച്ച് മമ്മൂക്കയെ കണ്ടപ്പോള്‍ ആദ്യം ചോദിച്ച കാര്യം അതായിരുന്നെന്നും രാജ്.ബി ഷെട്ടി പറഞ്ഞു. ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ഒരു ഡയറക്ടര്‍ എന്നതുപോലെ തന്നെ താന്‍ ഒരു ആക്ടര്‍ കൂടിയാണെന്നും, സ്‌ക്രിപ്റ്റുകള്‍ സെലക്ട് ചെയ്യുന്ന രീതി തനിക്ക് പഠിക്കണമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സിനിമയില്‍ തന്നെ സ്‌ക്രിപ്റ്റ് സെലക്ഷനില്‍ എല്ലാവരെയും അമ്പരപ്പിച്ച നടനാണ് മമ്മൂട്ടിയെന്നും സ്റ്റാര്‍ഡത്തിന് പ്രാധാന്യം കൊടുക്കുന്നതിനോടൊപ്പം ആര്‍ട്ടിസ്റ്റിക് വാല്യുവുള്ള സിനിമകളും സെലക്ട് ചെയ്യുന്ന മമ്മൂട്ടി ബാക്കിയുള്ളവര്‍ക്ക് പാഠമാണെന്നും താരം പറഞ്ഞു.

‘മമ്മൂക്കയുടെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ ഞാനും അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. സെറ്റില്‍ വെച്ച് അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോഴും ഞാന്‍ ചോദിച്ചത് അതിനെപ്പറ്റിയാണ്. കാരണം ഞാന്‍ ഒരു ഡയറക്ടറും അതിനോടൊപ്പം ഒരു ആക്ടറും കൂടിയാണ്. അപ്പോള്‍ ഒരു സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കേണ്ടത് എങ്ങനെയാണെന്ന് മമ്മൂക്കയെപ്പോലൊരു നടനില്‍ നിന്ന് ഞാന്‍ പഠിക്കേണ്ടതുണ്ട്.

അദ്ദേഹം തന്റെ സ്റ്റാര്‍ഡത്തില്‍ നില്‍ക്കുമ്പോള്‍ അതിനനുസരിച്ചുള്ള സിനിമകള്‍ കൂടുതല്‍ ചെയ്തിട്ടുണ്ട്. അപ്പോള്‍ അദ്ദേഹത്തിന് ആയിരം പേരുടെ കൈയടി ലഭിക്കും. മറ്റുള്ള നടന്മാരാണെങ്കില്‍ ആ 1000 കൈയടി എങ്ങനെ രണ്ടായിരമാക്കാം എന്നാകും ചിന്തിക്കുക.

പക്ഷേ മമ്മൂക്ക അമ്പത് പേര്‍ മാത്രം കൈയടിക്കാന്‍ ചാന്‍സുള്ള ഒരു തീം സിനിമയാക്കും. എന്നിട്ട് അതുവഴി 2000 പേരുടെ കൈയടികള്‍ വാങ്ങും. ഇന്ത്യന്‍ സിനിമയിലെ മറ്റുള്ള സ്റ്റാറുകള്‍ ഇതാണ് മാതൃകയാക്കേണ്ടത്,’ രാജ്.ബി. ഷെട്ടി പറഞ്ഞു.

Content Highlight: Raj B Shetty saying he want to learn from Mammootyy’s script selection