ജയിലറില്‍ മോഹന്‍ലാലിനും ശിവരാജ് കുമാറിനും പകരം പുതിയ താരങ്ങളായിരുന്നെങ്കില്‍ സംഭവിക്കുക ഇതാണ്: രാജ് ബി ഷെട്ടി
Movie Day
ജയിലറില്‍ മോഹന്‍ലാലിനും ശിവരാജ് കുമാറിനും പകരം പുതിയ താരങ്ങളായിരുന്നെങ്കില്‍ സംഭവിക്കുക ഇതാണ്: രാജ് ബി ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th September 2023, 1:57 pm

ഒരു സിനിമയില്‍ തന്നെ വ്യത്യസ്ത ഭാഷകളില്‍ നിന്നുള്ള സൂപ്പര്‍താരങ്ങളെ കൊണ്ടുവരുന്നതിനെ കുറിച്ചും അത് ആ സിനിമയ്ക്ക് നല്‍കുന്ന ഹൈപ്പിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാജ് ബി. ഷെട്ടി. തന്റെ പുതിയ ചിത്രമായ ടോബിയുടെ വിശേഷങ്ങള്‍ മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

ഒരേ ഇന്‍ഡസ്ട്രിയില്‍ തന്നെയുള്ള സൂപ്പര്‍സ്റ്റാറുകളെ ഒരു സിനിമയില്‍ കൊണ്ടുവരുന്നതും ജയിലറിലേത് പോലെ വ്യത്യസ്ത ഭാഷകളില്‍ നിന്നുള്ള സൂപ്പര്‍സ്റ്റാറുകളെ വിവിധ കഥാപാത്രങ്ങളില്‍ അവതരിപ്പിക്കുന്നതും സിനിമയുടെ വിജയത്തിന് എത്രത്തോളം സഹായിക്കുമെന്ന ചോദ്യത്തിനായിരുന്നു രാജ് ബി. ഷെട്ടിയുടെ മറുപടി.

നിരവധി താരങ്ങള്‍ വരുമ്പോള്‍ അവരുടെയെല്ലാം ആരാധകരെ ഒന്നിച്ച് തിയേറ്ററില്‍ എത്തിക്കാന്‍ വേണ്ടി കൂടിയാണോ ഇത്തരത്തില്‍ പരീക്ഷിക്കുന്നതെന്ന ചോദ്യത്തിന് അത് തന്നെയാണ് അതിന്റെ കാരണമെന്നായിരുന്നു രാജ് ബി. ഷെട്ടിയുടെ മറുപടി.

‘അതൊരു കൊമേഴ്ഷ്യല്‍ ഡിസിഷന്‍ തന്നെയാണ്. അതൊരിക്കലും തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ കാസ്റ്റ് ചെയ്യുന്ന ഓരോ നടന്മാരിലും അവര്‍ക്ക് ജസ്റ്റിഫിക്കേഷനുണ്ട്. ഉദാഹരണം പറഞ്ഞാല്‍ ജയിലര്‍ സിനിമയില്‍ മോഹന്‍ലാല്‍ സാറും ശിവരാജ്കുമാര്‍ സാറും വരുമ്പോള്‍ നമുക്ക് വിസിലടിക്കാന്‍ തോന്നുന്നത് അവര്‍ ഉണ്ടാക്കി വെച്ച ഒരു സ്റ്റാര്‍ഡം കൊണ്ടാണ്.

അവര്‍ക്ക് പകരം ആ കഥാപാത്രത്തില്‍ ഏതെങ്കിലും പുതിയ താരങ്ങളെയാണ് പരീക്ഷിക്കുന്നതെങ്കില്‍ ആ കിക്ക് നമുക്ക് ഒരിക്കലും കിട്ടില്ല. അത് വളരെ ചെറിയൊരു സീനാണെങ്കില്‍ പോലും ആ മുഴുവന്‍ സിനിമയെ തന്നെയാണ് അവര്‍ ഉയര്‍ത്തുന്നത്. അതൊരു നല്ല രീതിയായിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത്.

അതുമാത്രമല്ല ഓരോ ഭാഷകള്‍ തമ്മിലുള്ള അതിര്‍വരമ്പുകളാണ് അവിടെ ഇല്ലാതാകുന്നത്. മലയാളത്തിലിറങ്ങുന്ന ഓരോ സിനിമകളും തമിഴ്‌നാട്ടില്‍ റിലീസാകുന്നുണ്ട്. അതിന് അവിടെ സ്വീകാര്യത കിട്ടുന്നുണ്ട്. സൗത്ത് ഇന്ത്യയിലും ഇന്ത്യയിലൊട്ടാകെയും നല്ല സിനിമകള്‍ എത്തുന്നുണ്ട്. കൊമേഴ്ഷ്യലായി ഇത് ഉപയോഗിക്കുമ്പോള്‍ തന്നെ അത് തരുന്ന ഫലം നല്ലതാണ്. അത്തരത്തില്‍ നിരവധി സിനിമകള്‍ വരണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്,’ രാജി ബി. ഷെട്ടി പറഞ്ഞു.

തമിഴ് സിനിമകള്‍ കേരളത്തില്‍ നല്ല രീതിയില്‍ ഓടുന്നു. ഹിന്ദി സിനിമകള്‍ ഓടുന്നു. എന്നാല്‍ കന്നഡ- മലയാളം സിനിമകള്‍ക്ക് മറ്റു ഭാഷകളില്‍ അത്ര സ്വീകാര്യത ലഭിക്കാറില്ല. അത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തെലുങ്ക് സിനിമകളൊക്കെ ആ രീതിയില്‍ ഡിസ്ട്രിബ്യൂട്ട് ചെയ്യാറുണ്ടെന്നായിരുന്നു രാജ് ബി. ഷെട്ടിയുടെ മറുപടി.

ആര്യ പോലുള്ള സിനിമകളൊക്കെ അതിന് ഉദാഹരണമാണ്. ചിരഞ്ജീവിയുടെ കാലത്തൊക്കെയാണ് കന്നഡയിലും അത്തരത്തില്‍ സ്വീകാര്യത കിട്ടുന്നത്. എന്നാല്‍ മലയാള സിനിമയും കന്നഡ സിനിമയുമൊന്നും ഈ അടുത്ത കാലത്ത് വരെ ആ രീതിയില്‍ ഡിസ്ട്രിബ്യൂട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈയടുത്തകാലത്താണ് അത് തുടങ്ങിയത്. അതിന് തുടര്‍ച്ചയുണ്ടാകുമ്പോള്‍ ഏത് ഭാഷയ്ക്കും ആ സ്വീകാര്യത ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ അതിന് സമയമെടുക്കും, രാജ് ബി. ഷെട്ടി പറഞ്ഞു.

Content Highlight: Raj B Sheetty On Mohanlal and Shivraj Kumar Role On Jailer