വാരാണസി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കെ കാശിയിലെ ശിവക്ഷേത്രത്തില്‍ ആരാധന നടത്തി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് മണ്ഡലമായ വാരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുലും പ്രിയങ്കയും ക്ഷേത്ര ദര്‍ശനം നടത്തിയത്.
ക്ഷേത്രത്തിലെത്തിയ ഇരുവരും പൂജ ചെയ്യുകയും ചെയ്തു. ശിവന് മുന്നില്‍ പൂജചെയ്യുന്നതിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
വാരാണസിയുള്‍പ്പടെയുള്ള പൂര്‍വാഞ്ചലിലെ ഒന്‍പത് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കാനുള്ളത്. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പുള്ള ഈ സന്ദര്‍ശനം കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ സ്ട്രാറ്റജിയുടെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
മോദിയുടെ മണ്ഡലത്തില്‍ മികച്ച നേട്ടമുണ്ടാക്കാനായാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയം എന്ന നിലയിലും ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടും.
പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള പ്രിയങ്ക നേരത്തെ മൗനി അമാവാസി എന്ന ചടങ്ങിനോടനുബന്ധിച്ച് പ്രയാഗ്‌രാജിലെ ‘ത്രിവേണി സംഗമ’ത്തില്‍ (ഗംഗ, യമുന, പുരാണ സരസ്വതി നദികളുടെ സംഗമം) സ്‌നാനം നടത്തുകയും ചെയ്തിരുന്നു. ഇതിന് പുറമെ പ്രസിദ്ധമായ ‘മങ്കമേശ്വര ക്ഷേത്രവും’ സന്ദര്‍ശിച്ചിരുന്നു.
അതേസമയം, ഇരുവരുടെയും ക്ഷേത്രദര്‍ശനത്തിന് പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.
കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വവാദം തീവ്രഹിന്ദുത്വവാദത്തിലേക്ക് വഴിമാറുകയാണെന്നും, തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കളുടെ വോട്ട് നേടിയെടുക്കാനുള്ള ഇലക്ഷന്‍ ഗിമ്മിക്ക് മാത്രമാണ് ഇതിന്റെ പിന്നിലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.