വിശാഖപട്ടണം: തലസ്ഥാനത്ത് ബി.ജെ.പിയെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യം ചേരണമെന്ന ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളിയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നുവെന്നും അദ്ദേഹം സഖ്യത്തിന് വിസമ്മതിച്ചെന്നും കെജ്രിവാള്‍ പറഞ്ഞു
വിശാഖപട്ടണം വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. കെജ്രിവാളുമായി ഒരു സഖ്യത്തിനും തങ്ങളില്ലെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദിക്ഷിതിന്റെ പരമാര്‍ശത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് അവര്‍ പ്രധാനപ്പെട്ട നേതാവല്ലെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. ഞങ്ങള്‍ രാഹുല്‍ ഗാന്ധിയുമായിട്ടാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബ്,ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ എ.എ.പി കോണ്‍ഗ്രസുമായി സഖ്യം ചേരുമെന്ന് അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ അഞ്ചു സീറ്റ് നല്‍കണമെന്നായിരുന്നു എ.എ.പിയുടെ ആവശ്യം. 2014-ല്‍ ദല്‍ഹിയിലെ ഏഴ് സീറ്റുകളും ബി.ജെ.പി തൂത്ത്വാരിയിരുന്നു. കോണ്‍ഗ്രസ്-എ.എ.പി സഖ്യമില്ലാതെ മത്സരിച്ചാല്‍ ഇത്തവണയും ബി.ജെ.പിക്ക് നേട്ടമുണ്ടാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ദല്‍ഹിയില്‍ സഖ്യം അനിവാര്യമാണെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ദല്‍ഹി യൂണിറ്റ് സഖ്യത്തോട് ഒരു തരത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പി.സി.സി.അധ്യക്ഷ ഷീലാ ദിക്ഷിതാണ് സഖ്യത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നത്. സഖ്യത്തില്‍ കെജ്രിവാള്‍ നല്‍കുന്ന രണ്ടോ മൂന്നോ സീറ്റ് പാര്‍ട്ടിക്ക് ഒരു ഗുണവും നല്‍കില്ലെന്നാണ് അവരുടെ വാദം. എന്നാല്‍ സഖ്യത്തിന് രാഹുല്‍ ഗാന്ധിക്കും സമ്മതമല്ലെന്നാണ് കെജ്രിവാള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.