സത്യം വിളിച്ച് പറഞ്ഞതിന് ഞാന്‍ നല്‍കിയ വില; കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി
national news
സത്യം വിളിച്ച് പറഞ്ഞതിന് ഞാന്‍ നല്‍കിയ വില; കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd April 2023, 8:14 pm

ന്യൂദല്‍ഹി: സത്യം വിളിച്ച് പറഞ്ഞതിനാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ വസതിയില്‍ നിന്ന് ഒഴിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായിരുന്ന രാഹുല്‍ ഗാന്ധി. 19 വര്‍ഷം തുഗ്ലക് ലൈനിലെ വീട്ടില്‍ താമസിക്കാന്‍ അനുമതി നല്‍കിയത് ഇന്ത്യയിലെ ജനങ്ങളാണെന്നും അവരോട് കടപ്പാടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തന്നെ ഇനിയും ഉന്നയിക്കുമെന്നും സത്യം വിളിച്ച് പറയുന്നതിന് എന്ത് വിലകൊടുക്കാനും താന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നോട്ടീസിന് പിന്നാലെ ദല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

’19 വര്‍ഷം ഞാന്‍ താമസിച്ച വീട് എന്റെ കയ്യില്‍ നിന്നും തട്ടിയെടുത്തിരിക്കുന്നു. സത്യം വിളിച്ച് പറഞ്ഞതിന് ഞാന്‍ നല്‍കിയ വിലയാണിത്. ഇന്ത്യയിലെ ജനങ്ങളാണ് എനിക്ക് ഈ വീട് നല്‍കിയത്. അതിലെനിക്ക് അവരോട് കടപ്പാടുണ്ട്.

സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ എന്തൊക്കെ അനുഭവിക്കേണ്ടി വന്നാലും ഞാനത് സഹിക്കും. ഈ വീട്ടില്‍ തുടര്‍ന്ന് താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ലമെന്റില്‍ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളും കൂടുതല്‍ ശക്തിയോടെ ഇനിയും ഉന്നയിക്കും,’ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ആയിരം മോദിമാര്‍ ഒരുമിച്ച് വിചാരിച്ചാല്‍ പോലും രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണു ഗോപാലിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിക്ക് വീട് ഒഴിഞ്ഞ് കൊടുക്കുന്നതില്‍ യാെതാരു ബുദ്ധിമുട്ടുമില്ലെന്നും വീടിന്റെയോ ബംഗ്ലാവിന്റെയോ തടവറയില്‍ ജീവിക്കുന്നയാളല്ല രാഹുലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ വേട്ടയാടാലാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019ല്‍ കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി വിധിച്ചിരുന്നു. മാര്‍ച്ച് 23ന് വിധി പുറത്ത് വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് ദല്‍ഹിയിലെ തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചത്. 2004ല്‍ അമേഠിയില്‍ നിന്ന് പാര്‍ലമെന്റിലെത്തിയതിന് ശേഷം രണ്ട് പതിറ്റാണ്ടിനടുത്ത് രാഹുല്‍ താമസിച്ച വസതിയാണിത്.

Content Highlight: Rahul Gandhi react after leaving official bungalow