രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; മോദിക്കെതിരെ ഇതേ നിലപാടെടുക്കാത്തത് എന്തുകൊണ്ടാണ്? വിമര്‍നവുമായി അഭിഷേക് ബാനര്‍ജി
national news
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; മോദിക്കെതിരെ ഇതേ നിലപാടെടുക്കാത്തത് എന്തുകൊണ്ടാണ്? വിമര്‍നവുമായി അഭിഷേക് ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th March 2023, 8:09 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മോദി പരാമര്‍ശത്തില്‍ അയോഗ്യനാക്കാമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മമതാ ബാനര്‍ജിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ഇതേ നിലപാടെടുക്കാത്തതെന്താണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി. പശ്ചിമ ബംഗാളിലെ ഷാഹിദ് മിനാറില്‍ വെച്ച് നടത്തിയ റാലിയിലാണ് അദ്ദേഹം മോദിക്കെതിരെ സംസാരിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ അംഗീകരിക്കുന്നില്ല, പക്ഷേ അദ്ദേഹത്തെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയെ ഞാന്‍ അപലപിക്കുന്നു.

എന്നാല്‍ കഴിഞ്ഞ 2021ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമതാ ബാനര്‍ജിക്കെതിരെയുള്ള ,ദീദീ ഒ ദീദീ,’ പരാമര്‍ശത്തില്‍ എന്തുക്കൊണ്ടാണ് പ്രധാനമന്ത്രിയെ അയോഗ്യനാക്കാത്തത്,’ അദ്ദേഹം ചോദിച്ചു.

അതേസമയം ബി.ജെ.പി നേതാവും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കെതിരെയും നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സുവേന്ദു ട്രൈബല്‍ വിഭാഗത്തിലുള്ള വനിതാ മന്ത്രിയെ അധിക്ഷേപിക്കുന്ന വീഡിയോയെ മുന്‍നിര്‍ത്തിയാണ് സുവേന്ദുവിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

‘ മന്ത്രി ബിര്‍ബാഹ ഹന്‍സ്ദയുടെ സ്ഥലം തന്റെ ചെരുപ്പിനു കീഴിലാണെന്ന പരാമര്‍ശത്തിലൂടെ മുഴുവന്‍ ട്രൈബല്‍ വിഭാഗങ്ങളെയും അധിക്ഷേപിച്ച സുവേന്ദുവിനെതിരെ എന്തുക്കൊണ്ടാണ് നടപടിയെടുക്കാത്തത്. ഇത് മുഴുവന്‍ എസ്.ടി വിഭാഗങ്ങളെയും അപമാനിക്കുന്നതല്ലേ?

അദ്ദേഹവും എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടണം,’ അഭിഷേക് ബാനര്‍ജി പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ രാജ്യമെമ്പാടും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ ചിദംബരം അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധി 2019ല്‍ നടത്തിയ പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ അദ്ദേഹം കുറ്റക്കാരനെന്ന് സൂറത് കോടതി വിധിച്ചിരുന്നു. രണ്ട് വര്‍ഷം ശിക്ഷയും വിധിച്ചു.

തൊട്ടുപ്പിന്നാലെയാണ് അദ്ദേഹത്തിന്റെ എം.പി സ്ഥാനം റദ്ദാക്കി പാര്‍ലമെന്റ് അദ്ദേഹത്തെ അയോഗ്യനാക്കുന്നത്.

CONTENT HIGHLIGHT: Rahul Gandhi disqualified; Why not take the same stand against Modi? Abhishek Banerjee with Vimarnam