ന്യൂദല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിച്ചുവെന്ന ട്വീറ്റ് വ്യാജം. പിയൂഷ് രഞ്ജന്‍ എന്ന അഭിഭാഷകനാണ് രാഹുലിന്റേതെന്ന തരത്തില്‍ വ്യൂജ ട്വീറ്റ് പ്രചരിപ്പിച്ചത്.
‘സുശാന്തിന്റെ മരണവാര്‍ത്ത എന്നെ വേദനിപ്പിക്കുന്നു. പ്രതിഭാധനനായ ഒരു യുവ ക്രിക്കറ്റര്‍ വളരെ പെട്ടെന്ന് വിടവാങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്റെ അനുശോചനം’ എന്നായിരുന്നു പ്രചരിച്ചിരുന്ന ട്വീറ്റ്.
എന്നാല്‍ രാഹുല്‍ ഗാന്ധി സുശാന്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചിരുന്നെങ്കിലും ക്രിക്കറ്ററെന്ന് വിശേഷിപ്പിച്ചിരുന്നില്ല. പ്രതിഭാധനനായ അഭിനേതാവ് എന്നായിരുന്നു രാഹുല്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ആക്ടര്‍ (അഭിനേതാവ്) എന്ന ഭാഗം മാറ്റി ക്രിക്കറ്റര്‍ എന്ന് ചേര്‍ക്കുകായിരുന്നു.
ഇന്ത്യാ ടുഡേയുടെ ഫാക്ട് ചെക്ക് ടീം ആണ് ഇത് സംബന്ധിച്ച വസ്തുത പുറത്തുകൊണ്ടുവന്നത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികവിവരം.
I am sorry to hear about the passing of #SushantSinghRajput. A young & talented actor, gone too soon. My condolences to his family, friends & fans across the world.
— Rahul Gandhi (@RahulGandhi) June 14, 2020
2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു. ലോക്ക് ഡണ്‍ ആയതിനാല്‍ ഫ്ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം.