അവസാനം കിഷന്റെ പ്രശ്‌നത്തില്‍ രാഹുല്‍ ദ്രാവിഡ് ഇടപെട്ടു
Sports News
അവസാനം കിഷന്റെ പ്രശ്‌നത്തില്‍ രാഹുല്‍ ദ്രാവിഡ് ഇടപെട്ടു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th January 2024, 7:56 am

അഫ്ഗാനിസ്ഥാനുമായുള്ള പരമ്പരക്ക് ശേഷം ഇംഗ്ലണ്ടുമായി അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് ഉള്ളത്. മത്സരത്തില്‍ ഒരു സ്‌പെഷ്യല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെ ടീമില്‍ ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യതകളും നിലവിലുണ്ട്. ഇത് ഇഷാന്‍ കിഷന് ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതകളാണ് തുറക്കുന്നത്.

നേരത്തെ അച്ചടക്കം ഇല്ലായ്മയെ തുടര്‍ന്ന് താരത്തെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രവിഡ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. സൗത്ത്പാവ് ഗെയിമുകള്‍ക്കായി താരത്തിന് ഇപ്പോഴും അവസരം ഉണ്ടെന്ന് വ്യക്തമാണ്. 25കാരനായ ഇഷാനെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ അഫ്ഗാനിസ്ഥാനുമായുള്ള പരമ്പരയിലും താരത്തിന് അവസരം ലഭിച്ചിട്ടില്ല.

ജനുവരി 25ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ ഇഷാന് തിളങ്ങേണ്ടി വരും എന്നത് മറ്റൊരു വസ്തുതയാണ്. ജനുവരി 19ന് ഡല്‍ഹിക്ക് എതിരെയുള്ള മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടി താരം മത്സരിക്കാന്‍ സാധ്യതയുണ്ട്.

”അച്ചടക്ക പ്രശ്‌നമല്ല. ഇഷാന്‍ കിഷന്‍ ലഭ്യമല്ല, അതുകൊണ്ടാണ് അഫ്ഗാനിസ്ഥാനെതിരായ ടി ട്വന്റി ഐ പരമ്പരയിലേക്ക് അദ്ദേഹത്തെ പരിഗണിക്കാതത്. ഇനി അയാള്‍ സ്വയം ലഭ്യമാക്കുകയും തുടര്‍ന്ന് ആഭ്യന്തര മത്സരത്തില്‍ കളിക്കുകയും വേണം. തുടര്‍ന്ന് അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കും,” മൊഹാലിയില്‍ നടക്കുന്ന ആദ്യ ടി ട്വന്റിക്ക് മുന്നോടിയായി രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ത്രീ ലയണ്‍സിനെതിരായ പരമ്പരയില്‍ മറ്റൊരു സ്‌പെഷ്യല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എസ്. ഭരത് ആണ്. ഔദ്യോഗികമായി ഇതുവരെ ടീം പ്രഖ്യാപിക്കാത്തതിനാല്‍ ഇരുവര്‍ക്കും ഇനിയും അവസരം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Rahul Dravid intervened in Kishan’s problem