ശ്രീനഗർ: ജമ്മു കാശ്മീരിൽ കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ വിവരത്തെ തുടർന്ന് കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ജമ്മു കശ്മീർ സർക്കാർ കശ്മീരിലെ 87 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണം അടച്ചു.
പഹൽഗാം ആക്രമണത്തെത്തുടർന്ന് താഴ്‌വരയിൽ ചില സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയതായി ആശയവിനിമയ ഇന്റർസെപ്റ്റുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രവർത്തനങ്ങൾ ആരംഭിക്കാൻ അവരോട് നിർദേശിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
പഹൽഗാം ആക്രമണത്തെത്തുടർന്ന് താഴ്‌വരയിലെ തീവ്രവാദികളുടെ വീടുകൾ നശിപ്പിച്ചതിന് പ്രതികാരമായി കൂടുതൽ ശക്തമായ ആക്രമണങ്ങൾ തീവ്രവാദികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് തുടർച്ചയായ ഇന്റലിജൻസ് റിപ്പോർട്ടുകൾ വരുന്നതായി വൃത്തങ്ങൾ പറഞ്ഞു.
ഭീകരർ ശ്രീനഗർ, ഗന്ധർബാൽ ജില്ലകളിലെ തദ്ദേശീയരല്ലാത്ത വ്യക്തികൾ, സി.ഐ.ഡി ഉദ്യോഗസ്ഥർ, കശ്മീരി പണ്ഡിറ്റുകൾ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
പിന്നാലെ സുരക്ഷാ സേന ഗുൽമാർഗ്, സോനാമാർഗ്, ദാൽ ലേക്ക് പ്രദേശങ്ങൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജമ്മു കശ്മീർ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ നിന്നുള്ള ആന്റി ഫിദായീൻ സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. മൊത്തത്തിൽ കശ്മീരിലെ സുരക്ഷാ സേനകളെ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്.
റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ദുർബലതയും താഴ്‌വരയിൽ തദ്ദേശീയരല്ലാത്ത റെയിൽവേ ജീവനക്കാരുടെ ഗണ്യമായ സാന്നിധ്യവും കണക്കിലെടുക്കുമ്പോൾ, റെയിൽവേയെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി.
ഏപ്രിൽ 22ന്, കശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന ആളുകൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെത്തുടർന്ന് കശ്മീരിലെത്തിയ വിനോദ സഞ്ചാരികൾ വലിയ തോതിൽ തിരിച്ചു പോയിരുന്നു.
പഹൽഗാം കൂട്ടക്കൊലയിലെ കുറ്റവാളികൾക്കായി തിരച്ചിൽ നടത്തുന്നതിനിടയിൽ, സുരക്ഷാ ഏജൻസികൾ സംസ്ഥാനത്തുടനീളം വിപുലമായ ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. നടപടികൾ ശക്തമാകുന്നതിനനുസരിച്ച് താഴ്‌വരയിലെ തീവ്രവാദികളുടെ നിരവധി വീടുകൾ അധികൃതർ തകർത്തിരുന്നു.
Content Highlight: 48 tourist destinations in Kashmir closed after intel on more terror attacks